“ഇരട്ടി ശക്തിയോടെ ഞങ്ങളുടെ സൂപ്പര്‍ ഹീറോയെത്തും”; ടൊവിനോയെക്കുറിച്ച് സംവിധായകന്

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടൊവിനോ തോമസ് സിനിമാ മേഖലയിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്ന് ചലച്ചിത്ര സംവിധായകന്. നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോയ്ക്ക് പരിക്കേറ്റത്. ഇപ്പോഴിതാ സിനിമാ മേഖലയിലേക്ക് ഉടന്‍ താരം തിരിച്ചെത്തുമെന്ന് സമൂഹമാധ്യമങ്ങളിലാണ് സംവിധായകനായ അഖില്‍ പോള്‍ കുറിച്ചത്.
‘ടൊവിനോ ഇപ്പോള്‍ ആരോഗ്യവാനാണ്. ഏതാനും ആഴ്ചകള്‍ക്കൂടി വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ വീട്ടിലിരുത്തിയിരിക്കുകയാണ്. എന്നാല്‍ ഇരട്ടി ശക്തിയോടെ ഞങ്ങളുടെ സൂപ്പര്മാന് ഉടന്‍ തിരികെയെത്തും’. ടൊവിനോയുടെ ചിത്രത്തിനൊപ്പം അഖില്‍ പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ടൊവിനോ കേന്ദ്രകഥാപാത്രമായെത്തിയ ഫോറന്‍സിക് എന്ന സിനിമയുടെ സംവിധായകനാണ് അഖില്‍ പോള്‍.
സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു ടൊവിനോയ്ക്ക്. തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്’, ‘ഇബ്ലീസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.
Story highlights: Director Akhil Paul about Tovino