ഓട്ടോറിക്ഷയില്‍ പൂന്തോട്ടം, കൂടെ പക്ഷികളും അലങ്കാര മത്സ്യങ്ങളും വരെ
മനോഹരമായ പൂങ്കാവനങ്ങള്‍ പല വീടുകളടേയും കെട്ടിടങ്ങളുടേയും എല്ലാം മുന്നില്‍ കാണാം. എന്നാല്‍ ഒരു ഓട്ടോറിക്ഷയില്‍ മനോഹരമായ ഒരു പൂന്തോട്ടമുണ്ടാകുമോ…? ഇങ്ങനെ ചോദിച്ചാല്‍ പലരും നെറ്റി ചുളിക്കും. എന്നാല്‍ സുന്ദരമായ ഒരു പൂന്തോട്ടം ഓട്ടോറിക്ഷയില്‍ ഒരുക്കിയിരിക്കുകയാണ് സുജിത് ദിഗ.
ഓഡീഷയിലെ ഭുവനേശ്വറില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവറാണ് തന്റെ ഓട്ടോ റിക്ഷയെ മനോഹരമായ ഒരു പൂങ്കാവനമാക്കി മാറ്റിയത്. പൂക്കള്‍ക്കും ചെടികള്‍ക്കും പുറമെ അലങ്കാര മത്സ്യങ്ങളും പക്ഷിയും മുയലുമൊക്കെയുണ്ട് ഈ ഓട്ടോറിക്ഷയില്‍. കൊവിഡ്ക്കാലത്ത് സുജിത്തിന് തന്റെ വീട്ടിലോ ഗ്രാമത്തിലോ പോകാന്‍ സാധിച്ചിരുന്നില്ല.
അങ്ങനെയുള്ള സാഹചര്യത്തില്‍ സ്വന്തം ഗ്രാമത്തിന്റേയും വീടിന്റേയും ഒക്കെ ഓര്‍മ്മകള്‍ അദ്ദേഹത്തില്‍ നിറഞ്ഞു. കാന്ധമാലിലെ ഒരു ചെറിയ ഗ്രാമത്തിലാണ് സുജിത്തിന്റെ വീട്. പ്രകൃതിയില്‍ ലയിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ വീടിന്റെ ഓര്‍മ്മകള്‍ക്കായാണ് ഓട്ടോറിക്ഷയില്‍ സുജിത് പൂന്തോട്ടമൊരുക്കിയത്.
Story highlights: Driver made mini garden in auto