സോഷ്യൽ മീഡിയ ചേർത്തുപിടിച്ചു; ഹൃദയം നിറഞ്ഞ് ചിരിച്ച് ബാബ, ഹിറ്റായി ‘ബാബാ കാ ധാബാ’

October 9, 2020

കലാകാരന്മാർക്ക് അവസരങ്ങൾ തുറന്നുകൊടുക്കുന്ന വേദിയായും, ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി എത്തുന്ന ഇടമായുമൊക്കെ സോഷ്യൽ മീഡിയ മാറാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയ നെഞ്ചോട് ചേർത്ത ബാബയാണ് സോഷ്യൽ ഇടങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ 30 വർഷങ്ങളായി ഡൽഹി നഗരത്തിൽ വിശക്കുന്നവർക്കായി രുചി വിളമ്പുന്നവരാണ് കാന്താ പ്രസാദും ഭാര്യയും. ലാഭം നോക്കാതെ ഭക്ഷണം നൽകി വന്നിരുന്ന ഈ കുടുംബത്തെ കഴിഞ്ഞ ദിവസമാണ് ഗൗരവ്‌ വാസ് എന്ന വ്യക്തി സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന് പരിചയപ്പെടുത്തി നൽകിയത്.

ഡൽഹിയിലെ മാളവ്യ നഗറിലാണ് 80 കാരനായ കാന്താ പ്രസാദും ഭാര്യയും ‘ബാബാ കാ ധാബാ’ എന്ന പേരിൽ ചായക്കട നടത്തുന്നത്. രാവിലെ ആറരയോടെ കടയിൽ പണി ആരംഭിക്കുന്ന കാന്തയും ഭാര്യയും ഒമ്പത് മണിയോടെ ഭക്ഷണം എല്ലാം റെഡിയാക്കി വയ്ക്കും. പരിപ്പ്, കറി, പറാത്ത, ചോറ് എന്നിവയുൾപ്പെടെ 30 മുതൽ 50 പേർക്ക് കഴിക്കാവുന്ന ഭക്ഷണമാണ് ഇരുവരും ചേർന്ന് ഉണ്ടാക്കിവയ്ക്കുന്നത്. ലാഭം നോക്കാതെ വിശക്കുന്നവന് ഭക്ഷണം നൽകുന്ന ഇരുവർക്കും വൈകുന്നേരം ആകുമ്പോഴേക്കും കൈയിൽ നാല്പതോ അമ്പതോ രൂപയാണ് ലഭിക്കുക. കൊവിഡ് കാലമായതിനാൽ ഇപ്പോഴത്തെ സ്ഥിതി വളരെ കഷ്‌ടത്തിലാണ്.

Read also: ഹോളിവുഡ് സിനിമ ആസ്വാദകർക്ക് സന്തോഷവാർത്ത; അവതാർ- 2 ചിത്രീകരണം പൂർത്തിയായി

ഇവരുടെ ദുരിത ജീവിതം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ക്രിക്കറ്റ് താരം ആർ. അശ്വിൻ, ബോളിവുഡ് താരങ്ങളായ സോനം കപൂർ, രവീണ ടണ്ഠൻ, സുനിൽ ഷെട്ടി തുടങ്ങിയവരെല്ലാം ഈ വീഡിയോ പങ്കുവെച്ചു.. നിരവധിപ്പേരാണ് ഇപ്പോൾ ഈ കടയിലേക്ക് എത്തുന്നത്. ഇതിന് പുറമെ ഓൺലൈൻ ഭക്ഷ്യ വിതരണ സേവനമായ സൊമാറ്റോയും ബാബാ കാ ധാബയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

https://www.instagram.com/tv/CGDAHGxlGTv/?utm_source=ig_embed

Story Highlights :delhi-old-couples-baba-ka-dhaba-went-viral