ഞാൻ മരിച്ചിട്ടില്ല; വ്യാജ വാർത്തയ്‌ക്കെതിരെ പ്രതികരിച്ച് പൃഥ്വിരാജ് നായിക മിഷ്‌ടി
വ്യാജ വാര്‍ത്തകള്‍ സാമൂഹ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചേറെയായി. സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാർത്തകൾ ഏറ്റവും കൂടുതലായി ബാധിക്കുന്നത് സിനിമ താരങ്ങളെയും കായിക താരങ്ങളെയുമാണ്. സമൂഹ മാധ്യമങ്ങൾ കൊന്ന് ഉയർത്തെഴുന്നേല്പിച്ച നിരവധി താരങ്ങളുണ്ട് നമുക്ക് ചുറ്റും. ചിലപ്പോൾ മരിച്ചവർ തന്നെ തിരിച്ചു വരേണ്ടിവരും തങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് അറിയിക്കാൻ. അത്തരത്തിൽ ഇത്തവണ സോഷ്യൽ മീഡിയ കൊന്നൊടുക്കിയ താരമാണ് മിഷ്‌ടി ചക്രവർത്തി.
കഴിഞ്ഞ ദിവസമാണ് വൃക്ക തകരാറ് മൂലം നടി മിഷ്‌ടി ചക്രവർത്തി മരിച്ചുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചത്. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും ഇനിയും ഏറെ നാൾ ജീവിക്കാനുണ്ടെന്നും താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ആദം ജോൺ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരം മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യയായാണ് മിഷ്‌ടി വേഷമിട്ടത്. ഇരുവരും ഒന്നിച്ച ചിത്രത്തിലെ ഒരു ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം വൃക്ക തകരാറിനെ തുടർന്ന് ബംഗാളി താരം മിസ്തി മുഖർജി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. ഇരുവരുടെയും പേരിലെ സാമ്യതയെത്തുടർന്നാണ് പല മാധ്യമങ്ങളും മരിച്ചത് മിഷ്‌ടി ചക്രവർത്തി ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചത്. ബംഗളൂരുവിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മിസ്തി മുഖർജി മരണത്തിന് കീഴടങ്ങിയത്.
Story Highlights: Fake news on mishti chakraborty death