മരണം കവര്‍ന്ന മഹാകവിക്ക് ആദരമര്‍പ്പിച്ച് സിനിമാലോകവും

October 15, 2020
Film Stars tribute to Akkitham Achuthan Namboothiri

മലയാളത്തിന്റെ പ്രിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി സിനിമാലോകവും. മമ്മൂട്ടി, മഞ്ജു വാര്യര്‍, നിവിന്‍ പോളി തുടങ്ങിയ താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അക്കിത്തത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം’ എന്ന അക്കിത്തത്തിന്റെ വരികള്‍ക്കൊപ്പമാണ് മമ്മൂട്ടി മഹാകവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (15-10-2020) രാവിലെ 8.10-ഓടെയാണ് അദ്ദേഹത്തെ മരണം കവര്‍ന്നത്.

ജ്ഞാനപീഠം ജേതാവായ അക്കിത്തം; കവി എന്നതിലുമുപരി ദേശീയ പ്രസ്ഥാനത്തിലും യോഗ ക്ഷേമാ സഭയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനം എന്നീ വിഭാഗങ്ങളിലായി അദ്ദേഹം കുറിച്ച വാക്കുകളും വരികളുമെല്ലാം മനുഷ്യന്റെ വികാരങ്ങളുടെ പ്രതിഫലനം കൂടിയാണ്.

https://www.facebook.com/Mammootty/posts/10158874386317774

1926 മാര്‍ച്ച് 18- ന് അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റേയും മകനായിട്ടായിരുന്നു അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ജനനം. എട്ട് വയസ്സുമുതല്‍ അദ്ദേഹം കവിത എഴുതിത്തുടങ്ങി. വി ടി ഭട്ടതിരിപ്പാട്, ഉറൂബ്, ഇടശ്ശേരി എന്നിവരുമായി പ്രത്യേകമായ അടുപ്പം സൂക്ഷിച്ചിരുന്നു അദ്ദേഹം. നമ്പൂതിരി സമൂദായത്തിന്റെ വളര്‍ച്ചയ്ക്ക് യോഗക്ഷേമാ സഭയിലും പ്രവര്‍ത്തിച്ചു. മാത്രമല്ല മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനത്തിലും സജീവമായിരുന്നു അക്കിത്തം. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആകാശവാണിയിലെ ഉദ്യോഗസ്ഥനായും സേവനമനുഷ്ടിച്ചു.

https://www.facebook.com/theManjuWarrier/posts/1442308809310109

ജ്ഞാനപീഠ പുരസ്‌കാരത്തിന് പുറമെ, പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പുതൂര്‍ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവയെല്ലാം അക്കിത്തം അച്യുതന്‍ നമ്പൂതിരി എന്ന അതുല്യ പ്രതിഭയെ തേടിയെത്തി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി, മനസാക്ഷിയുടെ പൂക്കള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ തുടങ്ങി നിരവധിയാണ് അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞ സൃഷ്ടികള്‍…

https://www.facebook.com/NivinPauly/posts/3276051049131148

Story highlights: Film Stars tribute to Akkitham Achuthan Namboothiri