വര്‍ക്കൗട്ട് അല്ല; ഇങ്ങനെയാണ് ജിറാഫ് നിലത്തെ പുല്ലു തിന്നുന്നത്: വൈറല്‍ വീഡിയോ
ജിറാഫ് പുല്ലു തിന്നുന്നതെങ്ങനെയാണ്…? എന്നു ചോദിച്ചാല്‍ ചിലരെങ്കിലും നെറ്റി ചുളിക്കും. ഇതിലെന്താണ് ഇത്ര കൗതുകം എന്നു ചോദിക്കുന്നവരും ഉണ്ടാകും. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് തല കുനിക്കാന്‍ ജിറാഫിന് കുറച്ച് പെടാപാട് പെടേണ്ടി വരും എന്നായിരിക്കും ചിലര്‍ ചിന്തിക്കുക. എന്തൊക്കെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് നിലത്തെ പുല്ല് തിന്നുന്ന ഒരു ജിറാഫിന്റെ വീഡിയോ.
നിരവധിപ്പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ഈ ദൃശ്യങ്ങളില്‍ അതിശയിക്കുന്നവരുമുണ്ട്. കാഴ്ചയില്‍ ജിറാഫ് വര്‍ക്കൗട്ട് ചെയ്യുന്നതുപോലെയാണ് തോന്നുക. മുന്‍കാലുകള്‍ ഇരു വശങ്ങളിലേക്കും മാറ്റിയാണ് നീളമുള്ള കഴുത്ത് കുനിച്ച് നിലത്തെ പുല്ല് ജിറാഫ് തിന്നുന്നത്. അതും അല്പം സാഹസികമായി തന്നെ.
സാധാരണ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ജിറാഫിനെ കൂടുതലായി കണ്ടുവരുന്നത്. ഇരട്ട കുളമ്പുള്ള സസ്തനിയായ ജിറാഫ് ജന്തു വര്‍ഗങ്ങളില്‍ ഏറ്റവും ഉയരമുള്ള മൃഗമാണ്. മാത്രമല്ല അയവിറക്കുന്ന ജീവികളില്‍ ഏറ്റവും വലുതും ജിറാഫാണ്. 4.8 മുതല്‍ 5.5 മീറ്റര്‍ വരെ ഉയരമുണ്ടാകാരുണ്ട് ജിറാഫിന്. 1700 കിലോഗ്രാം വരെ ഭാരവുമുണ്ടാകാറുണ്ട് ഇവയ്ക്ക്.
Story highlights: Giraffe eating grass has gone viral