ഹൃദയം കീഴടക്കി ഒരു വീഡിയോ; വിവാഹദിനത്തിൽ വധുവിന് സ്നേഹം നിറച്ചൊരു സർപ്രൈസ് ഒരുക്കി വരൻ

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വിവാഹം. അതുകൊണ്ടുതന്നെ വിവാഹം ഏറ്റവും സുന്ദരമാക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇപ്പോഴിതാ സോഷ്യൽ ലോകത്തിന്റെ മുഴുവൻ മനം കവരുകയാണ് ഒരു വിവാഹ വീഡിയോ. വിവാഹ ദിനത്തിൽ വധുവിനായി വരൻ ഒരുക്കിയ സർപ്രൈസാണ് കാഴ്ചക്കാരുടെ മുഴുവൻ മനം നിറയ്കുന്നത്. വിവാഹ വേദിയിൽ നിൽക്കുന്ന വരന്റെയും വധുവിന്റെയും അടുത്തേക്ക് കൈയിൽ വിവാഹമോതിരവും പൂക്കളുമായി കടന്നുവരുന്ന കുഞ്ഞുങ്ങളാണ് സോഷ്യൽ ലോകത്തിന്റെ മുഴുവൻ ഹൃദയം നിറയ്ക്കുന്നത്.

അടുത്തേക്ക് വരുന്ന കുഞ്ഞുങ്ങളുടെ ടീച്ചറാണ് വധു. ഡൗൺ സിൻഡ്രോം ബാധിച്ച ഈ കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ടീച്ചറുടെ വിവാഹദിനത്തിൽ വരനും സുഹൃത്തുക്കളും ചേർന്നാണ് ഇത്തരമൊരു സർപ്രൈസ് ഒരുക്കിയത്. കുഞ്ഞുങ്ങളെ കണ്ട് ടീച്ചർ ആദ്യം അമ്പരക്കുന്നതും പിന്നീട് അവരെ കെട്ടിപിടിച്ച് ചുംബിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് ടീച്ചറെ അഭിനന്ദിച്ചും പ്രിയതമയ്ക്ക് ഏറ്റവും വിലപ്പെട്ട സർപ്രൈസ് ഒരുക്കിയ വരനെ അഭിനന്ദിച്ചുമൊക്കെ രംഗത്തെത്തുന്നത്. ഈ മാലാഖ കുഞ്ഞുങ്ങളുടെ മനസ് കവർന്ന ടീച്ചർക്ക് ആശംസകൾ എന്നും, ഇതാണ് സ്വർഗത്തിൽവെച്ച് നടന്ന വിവാഹമെന്നുമൊക്കെ കമന്റ് ചെയ്യുന്നവരും നിരവധിയാണ്.

Story Highlights: Groom Surprised his bride having her students with down syndrome