കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലായിരിക്കും മഴ കൂടുതല്‍ ശക്തമാകുക. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വരെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്കിയിരിക്കുന്നു.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതോടെ ശക്തി കുറഞ്ഞു. നിലവില്‍ തെലുങ്കാനയ്ക്ക് മുകളിലുള്ള തീവ്രന്യൂനമര്‍ദ്ദം കരയിലൂടെ സഞ്ചരിച്ച് അറബിക്കടലില്‍ പ്രവേശിക്കാനാണ് സാധ്യത. എന്നാല്‍ ഈ മാസം പതിനാറോടെ തെക്കന്‍ ഗുജറാത്തിനും വടക്കന്‍ കൊങ്കണ്‍ തീരത്തിനും ഇടയില്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്.
Story highlights: Heavy rain and yellow alert in Kerala