മഴയത്ത് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച് യുവാക്കൾ; വീഡിയോ ഏറ്റെടുത്ത് ഐസിസി

കളിക്കളത്തിലും കാഴ്ചക്കാരിലും എല്ലാം ഒരുപോലെ ആവേശത്തിരയിളക്കം സൃഷ്ടിക്കുന്ന ഒന്നാണ് ക്രിക്കറ്റ്… ഐപിഎൽ ആവേശത്തിലാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ. എന്നാൽ ഇപ്പോഴിതാ ഐപിഎൽ ആവേശത്തിനിടയിലേക്ക് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. നിലമ്പൂർ കരുളായി ചെറുപുഴ പള്ളിക്ക് സമീപം ക്രിക്കറ്റ് കളിച്ച യുവാക്കളാണ് സോഷ്യൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
മഴയത്ത് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഐ സി സിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ ട്വീറ്റ് ചെയ്തതോടെ നിരവധിപ്പേരാണ് ഈ കളിക്കാരെ അഭിന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. നനഞ്ഞ പന്തിൽ പരിശീലനം നടത്തുന്നത് ഈ കളിക്കാരെ മികച്ച ക്രിക്കറ്റ് താരങ്ങളാക്കി മാറ്റുമെന്നാണ് ഐ സി സി വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ മഴ നനഞ്ഞ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളുടെ ആവേശത്തെയും ക്രിക്കറ്റ് പ്രണയത്തെയും അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്. പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ കളിക്കാരെ അഭിന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു.
Story Highlights: ICC tweet Nilambur boys playing cricket in the rain