ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം ‘മൂത്തോന്‍’

October 2, 2020
Indo German Film Week

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘മൂത്തോന്‍’. ചലച്ചിത്രമേളകളിലും തിയേറ്ററുകളിലും ശ്രദ്ധ നേടിയ ചിത്രത്തെത്തേടി ഒരു അംഗീകാരം കൂടിയെത്തിയിരിക്കുന്നു. ബെര്‍ലിനില്‍ നടന്ന് ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം മൂത്തോനാണ്. ചിത്രത്തിലെ അമീര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചു.

വ്യത്യസ്തമായ കഥാപ്രമേയം കൊണ്ടും വേറിട്ട അവതരണരീതികൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ് ‘മൂത്തോന്‍’. ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയിലേയ്ക്ക് പോകുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

‘മൂത്തോന്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അനുരാഗ് കശ്യപ്.

ബി. അജിത്കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന്‍ മാക് അലക്സ്എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിവിന്‍ പോളിക്കും റോഷനും പുറമെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനേതാക്കളായെത്തി.

https://www.facebook.com/geetu.mohandas/posts/3503248799737822

Story highlights: Indo German Film Week