അതിശയിപ്പിച്ച് പൊള്ളാര്‍ഡിന്റെ കിടിലന്‍ ക്യാച്ച്: അഭിനന്ദിച്ച് സച്ചിനും: വീഡിയോ
ഐപിഎല്‍ പതിമൂന്നാം സീസണിലെ ഓരോ മത്സരത്തിലും മികച്ച പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡിന്റേത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം ഒരുപോലെ തിളങ്ങുകയാണ് താരം. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ പൊള്ളാര്‍ഡിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ച് വീഡിയോ ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കം നിരവധിപ്പേരാണ് പൊള്ളാര്‍ഡിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും.
രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ബട്‌ലര്‍ അടിച്ച പന്താണ് തകര്‍പ്പന്‍ രീതിയില്‍ പൊള്ളാര്‍ഡ് കൈക്കുമ്പിളിലാക്കിയത്. ബൗണ്ടറി ലൈനിന് അരികെ വായുവില്‍ ഉര്‍ന്ന് പൊങ്ങിയായിരുന്നു പൊള്ളാര്‍ഡിന്റെ ക്യാച്ച്.
അതേസമയം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. 57 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് കരുത്ത് തെളിയിച്ചത്. ഐപിഎല്‍ പതിമൂന്നാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം തവണയും വിജയൊക്കൊടി പാറിച്ചു മുംബൈ ഇന്ത്യന്‍സ് ഇന്നലെ.
ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ക്കേ മികവ് കാട്ടിയ ടീം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് അടിച്ചെടുത്തു. 47 പന്തില്‍ നിന്നും 79 റണ്‍സ് അടിച്ചെടുത്ത സൂര്യകുമാര്‍ യാദവിന്റെ പ്രകടനം ടീമിന് കരുത്തായി. 23 പന്തില്‍ നിന്നായി 35 റണ്‍സാണ് റോഹിത് ശര്‍മ്മ നേടിയത്. 19 പന്തില്‍ നിന്നുമായി 30 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയും മികച്ചു നിന്നു.
194 റണ്‍സ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് തുടക്കം മുതല്‍ക്കേ പാളിച്ചകളായിരുന്നു. പതിനെട്ട് ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും താരങ്ങളെല്ലാം കളം വിട്ടും. ആകെ അടിച്ചെടുത്തത് 136 റണ്‍സും. മലയാളികള്‍ക്ക് കൂടുതല്‍ പ്രതീക്ഷയുള്ള രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ ഒരു റണ്‍ പോലും നേടാതെയാണ് കളം വിട്ടത്. 44 പന്തില്‍ നിന്നുമായി 70 റണ്‍സ് ജോസ് ബട്ലര്‍ നേടിയെങ്കിലും പിടിച്ചു നില്‍ക്കാനായില്ല രാജസ്ഥാന്‍ റോയല്‍സിന്.
Story highlights: IPL stunning catch by Pollard