ഐ പി എല്ലിൽ ഡൽഹിയ്ക്ക് തുടർച്ചയായ മൂന്നാം ജയം
രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 46 റൺസിന്റെ വൻവിജയം. ജയത്തോടെ പോയിന്റ്സ് പട്ടികയിൽ 10 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് ഒന്നാമതായി. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. ഡൽഹിയ്ക്ക് വേണ്ടി ഷിംറോൺ ഹെറ്റ്മേയർ 24 പന്തിൽ 45 റൺസ് നേടി. അഞ്ച് സിക്സറുകൾ ഉൾപെടുന്നതായിരുന്നു ഹെറ്റ്മേയറുടെ ബാറ്റിങ് വെടിക്കെട്ട്. ഡൽഹിയ്ക്ക് വേണ്ടി ഓസ്ട്രേലിയൻ താരം സ്റ്റോയിനസ് 39 റൺസും നേടി മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് 138 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. ഇന്നിങ്സിന്റെ രണ്ട് ബോളുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ റോയൽസ് ഓൾ ഔട്ടാകുകയായിരുന്നു. രാഹുൽ തിവാട്ടിയും യശസ്വി ജസ്വാൾ എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയിൽ പൊരുതി നോക്കിയത്. ഒമ്പത് പന്തിൽ നിന്നും അഞ്ച് റൺസ് നേടിയ സഞ്ജു സാംസൺ ഇത്തവണയും നിരാശപ്പെടുത്തി. ഡൽഹിയ്ക്ക് വേണ്ടി റബാദ മൂന്നും അശ്വിൻ, സ്റ്റോയിനസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
Story Highlights: ipl updates