ഡൽഹിയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് 162 റൺസ് വിജയലക്ഷ്യം

October 14, 2020

ഐപിഎൽ രണ്ടാം ഘട്ട മത്സരങ്ങളിൽ ഏറ്റുമുട്ടിയ ഡൽഹിക്കെതിരെ രാജസ്ഥാൻ റോയൽസിന് 162 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തിരഞ്ഞെടുക്കയായിരുന്നു. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് 161 റൺസ് നേടി. ഇന്നിങ്സിന്റെ ആദ്യ ബോളിൽ തന്നെ ഡൽഹിയ്ക്ക് ഓപ്പണർ പൃഥ്വി ഷായെ നഷ്ടമായി. തുടർന്നെത്തിയ അജിൻക്യ രഹാനയെയും ജോഫ്ര ആർച്ചർ പുറത്താക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ശിഖർ ധവാന്റെയും മികച്ച കൂട്ടുകെട്ടാണ്‌ ഡൽഹിയെ മോശമല്ലാത്ത സ്‌കോറിൽ എത്തിച്ചത്. 33 പന്തിൽനിന്നും എട്ട് ബൗണ്ടറികളുടെ സഹായത്തോടെ ശിഖർ ധവാൻ 57 റൺസ് നേടി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 43 പന്തിൽ നിന്നും 53 റൺസ് നേടി മികവ് കാട്ടി.

രാജസ്ഥാൻ റോയൽസിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയദേവ് ഉനദ്കട് രണ്ട് വിക്കറ്റും കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ മധ്യനിരയോടൊപ്പം മുൻനിര ബാറ്റ്‌സ്മാന്മാരും പ്രതീക്ഷയ്ക്ക് ഒത്തുയർന്നാൽ രാജസ്ഥാന് വിജയമുറപ്പിക്കാം. അതേസമയം കഗിസോ റബാദയുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയിലാണ് ഡൽഹിയുടെ പ്രതീക്ഷ.

Story Highlights: ipl updates