റിലീസ് നീട്ടി ജെയിംസ് ബോണ്ട് ചിത്രം; ‘നോ ടൈം റ്റു ഡൈ’ അടുത്ത വർഷം തിയേറ്ററുകളിൽ

October 5, 2020

ലോകം മുഴുവൻ ആരാധകരെ നേടിയെടുത്തതാണ് ജെയിംസ് ബോണ്ട് ചിത്രങ്ങൾ. ജെയിംസ് ബോണ്ട് പരമ്പരയിലെ 24 ചിത്രങ്ങളാണ് ഇതുവരെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇരുപത്തിയഞ്ചാമത്തെ ചിത്രം ‘നോ ടൈം റ്റു ഡൈ’ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. 2020 ഏപ്രിൽ മാസം പ്രഖ്യാപിച്ചിരുന്ന ആദ്യ റിലീസ് പിന്നീട് 2020 നവംബർ 12ലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് റീലീസ് തീയതി വീണ്ടും മാറ്റിവെയ്ക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. 2021 ഏപ്രിൽ രണ്ടാണ് ഇപ്പോൾ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാരി ജോജി ഫുക്വാങ്ക സംവിധാനം നിർവഹിക്കുന്ന ചിത്രം ലോകപ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ എംജിഎം ആണ് നിർമിക്കുന്നത്. ചിത്രത്തിൽ ജെയിംസ് ബോണ്ടായി ഡാനിയൽ ക്രെയ്ഗ് ആണ് വേഷമിടുന്നത്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലായി തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

അതേസമയം ഇതുവരെയുള്ള മികച്ച ജെയിംസ് ബോണ്ട് കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ അടുത്തിടെ ഒരു സർവ്വേയും നടത്തിയിരുന്നു. ബ്രിട്ടീഷ് മാഗസിനായി റേഡിയോ ടൈം മികച്ച ജെയിംസ് ബോണ്ട് കഥാപാത്രത്തെ കണ്ടെത്താൻ സർവ്വേ നടത്തിയത്. സർവ്വേയിൽ ഏറ്റവുമധികം ആളുകൾ എക്കാലത്തെയും മികച്ച ജെയിംസ് ബോണ്ട് കഥാപാത്രമായി തിരഞ്ഞെടുത്തത് ഷോൺ കോണറിയെയാണ്. 1962ൽ ബ്രിട്ടീഷ് ചാരൻ 007 എന്ന ബോണ്ടിനെ ആദ്യമായി അഭ്രപാളിയിൽ അവതരിപ്പിച്ചത് ഷോൺ കോണറിയാണ്.

14000ലധികം ആളുകളാണ് മികച്ച ജെയിംസ് ബോണ്ട് കഥാപാത്രത്തെ തിരഞ്ഞെടുക്കാനുള്ള സർവേയിൽ പങ്കെടുത്തത്. മൂന്നു റൗണ്ടിലൂടെ നടന്ന സർവ്വേയിൽ ആദ്യ റൗണ്ടിൽ ഷോൺ കോണറിയും ഇപ്പോഴുള്ള ബോണ്ട് സീരിസുകളിലെ നായകനായ ഡാനിയൽ ക്രെയ്‌ഗും തമ്മിലായിരുന്നു പോരാട്ടം. 56 ശതമാനം വോട്ടോടെ ഷോൺ സർവേയിൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Story Highlights: james bond movie no time to die postponed to 2021