അവധി ആഘോഷിച്ച് ജയസൂര്യയും കുടുംബവും; സായാഹ്ന ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം
സിനിമയുടെ തിരക്കിലേക്ക് ചേക്കേറുന്നതിനു മുൻപ് യാത്രകളിലാണ് ജയസൂര്യ. ചെറായി ബീച്ചിൽ അവധി ആഘോഷത്തിലാണ് ജയസൂര്യയും കുടുംബവും. ബീച്ചിൽ നിന്നുള്ള സായാഹ്ന ചിത്രങ്ങൾ ജയസൂര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ മുതൽ താരം വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഇപ്പോഴാണ് നഷ്ടമായ യാത്രകളിലേക്ക് താരം മടങ്ങിയത്.
കഴിഞ്ഞ ആറുമാസമായി, ലോക്ക് ഡൗൺ കാലത്ത് സ്വയം ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ജയസൂര്യ പറഞ്ഞിരുന്നു. ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘ജോൺ ലൂഥർ’ ചിങ്ങം 1 നാണ് പ്രഖ്യാപിച്ചത്. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ചിത്രം ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.
സിനിമയിൽ നായകനായി എത്തിയിട്ട് 18 വർഷം പൂർത്തിയാക്കുന്ന ജയസൂര്യ ഇതുവരെ നൂറ്റൻപതോളം ചിത്രങ്ങളിൽ വേഷമിട്ടു. സൂഫിയും സുജാതയും എന്ന ചിത്രമാണ് ജയസൂര്യ നായകനായി പ്രേക്ഷകരിലേക്ക് ഒടുവിൽ എത്തിയ ചിത്രം. അതേസമയം, ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘വെള്ള’മാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ ജീവിതത്തില്‍ നടന്ന ചില യാഥാര്‍ത്ഥ സംഭവങ്ങളാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.
ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് ജയസൂര്യ സിനിമാലോകത്തേക്ക് എത്തിയത്. തൃപ്പൂണിത്തുറയിൽ ജനിച്ച ജയസൂര്യ മിമിക്രി കലാകാരനായാണ് തുടക്കമിടുന്നത്. പിന്നീട് ചെറിയ വേഷങ്ങളിലും ജൂനിയർ ആർട്ടിസ്റ്റായുമൊക്കെ വെള്ളിത്തിരയിലേക്ക് എത്തിയ ജയസൂര്യ ശ്രദ്ധ നേടുന്നത് വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെയാണ്.
Story highlights- jayasurya family trip