ജയസൂര്യയുടെ സ്‌നേഹക്കൂട് പദ്ധതിയില്‍ രണ്ടാമത്തെ വീടൊരുങ്ങുന്നു

October 5, 2020
Jayasuryas Snehakoodu Project

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാം വിധം അവതരിപ്പിച്ച് കൈയടി നേടുന്ന ചലച്ചിത്രതാരമാണ് ജയസൂര്യ. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. നടന്‍ എന്നതിലുമുപരി സാമൂഹികമായ ഇടപെടല്‍ കൊണ്ടും ജയസൂര്യ നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നു.

ജയസൂര്യ നേതൃത്വം നല്‍കുന്ന സ്‌നേഹക്കൂട് പദ്ധതിയുടെ ഭാഗമായി ഒരു കുടുംബത്തിന് കൂടി വീട് ഒരുങ്ങുകയാണ്. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണ് സ്‌നേഹക്കൂട്. പദ്ധതി പ്രകാരം ആറ് ലക്ഷം രൂപയ്ക്ക് അഞ്ഞൂറ് ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചു നല്‍കുക.

സ്‌നേഹക്കൂട് പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ച് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് ജയസൂര്യ നല്‍കിയിരിക്കുന്ന വാഗ്ദാനം. ഇതുപ്രകാരം ആദ്യത്തെ വീട് രാമംഗലത്തുള്ള ഒരു സ്ത്രീക്കും അവരുടെ ഭിന്നശേഷിക്കാരനായ മകനും നിര്‍മിച്ചു നല്‍കിയിരുന്നു. എറണാകുളം മുളന്തുരുത്തിയിലുള്ള ഒരു കുടുംബത്തിനു വേണ്ടിയാണ് രണ്ടാമത്തെ വീടൊരുങ്ങുന്നത്.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും ജയസൂര്യയുടെ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തി. സൂഫിയും സുജാതയും ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അതിഥി റാവു ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. നരണിപ്പുഴ ശ്രീനിവാസ് സംവിധാനം നിര്‍വഹിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജയ് ബാബു ആണ്. ജയസൂര്യയുടേതായി മറ്റ് ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Story highlights: Jayasuryas Snehakoodu Project