അതിവേഗത്തില്‍ 50 വിക്കറ്റുകള്‍; ഐപിഎല്‍-ല്‍ ചരിത്രം കുറിച്ച് റബാദ
കൊവിഡ് പ്രതിസന്ധിയിലാണ് ലോകം മാസങ്ങളായിട്ട്. സിനിമാ, കായികം അടക്കമുള്ള മേഖലകളില്‍ രൂക്ഷമായ പ്രതിസന്ധിയും സൃഷ്ടിച്ചു കൊറോണ വൈറസ്. കൊവിഡ്ക്കാലത്ത് ഗാലറികളില്‍ ആളുകള്‍ കുറഞ്ഞെങ്കിലും കായികാവേശം ചോര്‍ന്നിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍.
ഐപിഎല്‍ പതിമൂന്നാം സീസണില്‍ പുതിയ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിലെ കഗിസോ റബാദ. ദക്ഷിണാഫ്രിക്കന്‍ പേസറാണ് ഈ താരം. ഐപിഎല്‍-ല്‍ അതിവേഗത്തില്‍ അമ്പത് വിക്കറ്റുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് റബാദ സ്വന്തം പേരിലാക്കിയത്.
ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും ഒടുവിലായി ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നടന്ന മത്സരത്തില്‍ ഫാഫ് ഡുപ്ലെസ്സിയുടെ വിക്കറ്റ് നേടിയതോടെയാണ് റബാദ അമ്പത് വിക്കറ്റ് ഏറ്റവും വേഗത്തില്‍ എന്ന റെക്കോര്‍ഡ് നേടിയത്. 27 മത്സരങ്ങളില്‍ നിന്നുമാണ് ചരിത്രമായി മാറിയ റബാദയുടെ അമ്പത് വിക്കറ്റിന്റെ പിറവി. ഐപിഎല്‍ പതിമൂന്നാം സീസണില്‍ നിന്നു മാത്രമായി 9 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ റബാദ നേടിയിട്ടുണ്ട്.
32 മത്സരങ്ങളില്‍ നിന്നുമായി അമ്പത് വിക്കറ്റുകള്‍ നേടിയ കൊല്‍ക്കത്ത നൈറ്റ് താരം സുനില്‍ നരേയ്ന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. വെസ്റ്റ് ഇന്‍ഡീസ് താരമാണ് നരേയ്ന്.
Story highlights: Kagiso Rabada become the fastest bowler to get 50 wickets in IPL