മരക്കാറിന് വി.എഫ്.എക്സ് ഒരുക്കി പുരസ്കാരം നേടി സിദ്ധാർത്ഥ്; അഭിനന്ദനവുമായി സഹോദരി കല്യാണി പ്രിയദർശൻ
റിലീസിന് മുൻപ് തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷക്കാനുള്ളത് സമ്മാനിച്ചിരിക്കുകയാണ് ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’. വി എഫ് എക്സ് വിഭാഗത്തിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത് മരക്കാറാണ്. പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത് വി എഫ് എക്സ് വിഭാഗത്തിന് നേതൃത്വം വഹിക്കുന്ന സിദ്ധാർത്ഥ് പ്രിയദർശനാണ്.
നാവിക മേധാവി മരക്കാർ നാലാമനെക്കുറിച്ചാണ് സിനിമയെന്നതുകൊണ്ട്, സിനിമയ്ക്ക് ധാരാളം വിഷ്വൽ എഫക്റ്റിന്റെ പിന്തുണ ആവശ്യമാണ്. ചിത്രം അവാർഡ് നേടിയതോടെ മനോഹരമായ ദൃശ്യ വിസ്മയമായിരിക്കും ചിത്രമെന്ന ആവേശത്തിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ, പുരസ്കാര ജേതാവായ സിദ്ധാർത്ഥിനെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹോദരി കല്യാണി പ്രിയദർശൻ.
‘വിഎഫ്എക്സിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് എന്റെ നോൺ-കൂൾ സഹോദരൻ നേടിയിരിക്കുന്നു! അഭിനന്ദനങ്ങൾ സഹോദരാ. സത്യത്തിൽ ഈ അവർഡ് എനിക്കുംകൂടി അവകാശപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. കാരണം നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഇടക്കിടെ എത്തിനോക്കി എഫക്ടുകളൊക്കെ കാഴ്ചയിൽ യാഥാർഥ്യമായി തോന്നുമോ ഇല്ലയോ എന്നൊക്കെ അനുമതി നൽകിയിരുന്നത് ഞാനാണ്..’- കല്യാണി രസകരമായി കുറിക്കുന്നു.
അതേസമയം മികച്ച നൃത്ത പുരസ്കാരവും ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’ നേടി. ഡാൻസ് മാസ്റ്റർ ബ്രിന്ദ, പ്രസന്ന സുജിത്ത് എന്നിവരാണ് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. മാർച്ച് 26ന് തീയേറ്ററിൽ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. മറ്റു ചിത്രങ്ങൾ ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്നുണ്ടെങ്കിലും മരക്കാർ അടുത്ത മാർച്ചിൽ തിയേറ്ററിൽ പ്രദർശിപ്പിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
മലയാളത്തിന് പുറമെ അഞ്ചു ഭാഷകളിലായാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയിൽ മോഹൻലാലിന് പുറമെ ഒട്ടേറെ സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്. തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Read More: ‘ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി, ഫഹദിന്റെ ഡേറ്റ് ചോദിച്ചു വന്നിട്ടുണ്ട്’; ഓര്‍മ്മകളുണര്‍ത്തി കുറിപ്പ്
മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
Story highlights- kalyani priyadarshan appreciating sidharth for state award