ധവാന്റെ സെഞ്ചുറി തുണച്ചില്ല; ഡൽഹിക്കെതിരെ അഞ്ച് വിക്കറ്റ് ജയവുമായി പഞ്ചാബ്

ഐ പി എല്ലിലെ കരുത്തരായ എതിരാളികളായ ഡൽഹിയെ മലർത്തിയടിച്ച് പഞ്ചാബ്. അഞ്ചു വിക്കറ്റിനാണ് പഞ്ചാബ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയത്. ഡൽഹി ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം നിക്കോളാസ് പുരാന്റെ ബാറ്റിംഗ് മികവിൽ പഞ്ചാബ് മറികടന്നു.

ഡൽഹിക്ക് വേണ്ടി ധവാൻ നേടിയ സെഞ്ചുറി പഞ്ചാബിന് വെല്ലുവിളിയായെങ്കിലും പുരാനും മാക്‌സ്വെല്ലും ചേർന്ന് സ്കോർ ഉയർത്തുകയായിരുന്നു. ഒരോവര്‍ ബാക്കി നില്‍ക്കെയാണ് പഞ്ചാബിന്റെ ജയം. പഞ്ചാബിനായി നിക്കോളാസ് പുരാൻ അർധ സെഞ്ചുറി നേടി.

28 പന്തിൽ നിന്ന് 53 റൺസ് നേടിയാണ് പുരാൻ പുറത്തായത്. ഗ്ലെൻ മാക്‌സ്‌വെൽ 24 പന്തിൽ നിന്ന് 32 റൺസും 13 പന്തിൽ നിന്ന് 29 റൺസ് ക്രിസ് ഗെയ്‌ലും നേടി. ഈ സ്കോറുകളാണ് പഞ്ചാബിനെ തുണച്ചത്. കെ.എൽ.രാഹുൽ 11 പന്തിൽ നിന്ന് 15 റൺസും, മായങ്ക് അഗർവാൾ ഒൻപത് പന്തിൽ നിന്ന് അഞ്ച് റൺസും നേടി.

ദീപക് ഹൂഡ 22 പന്തിൽ നിന്ന് 15 റൺസും, ജേംസ് നീഷാം എട്ട് പന്തിൽ നിന്ന് പത്ത് റൺസും നേടി പുറത്താകാതെ നിന്നു.ഡൽഹിക്ക് വേണ്ടി കഗിസോ റബാഡ രണ്ടും അക്ഷർ പട്ടേൽ, രവിചന്ദ്ര അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. മായങ്ക് അഗർവാൾ റൺഔട്ട് ആയി.

കിംഗ്‌സ് ഇലവൻ പഞ്ചാബ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ 25-ല്‍ നിൽക്കുമ്പോഴാണ് ജിമ്മി നീഷാം ഏഴു റൺസ് മാത്രമെടുത്ത പൃഥ്വി ഷായെ പുറത്താക്കിയത്. ധവാന്റെ ഒറ്റയാൾ പോരാട്ടം ഡൽഹിക്ക് പക്ഷെ തുണയായി. പിന്നലെയെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ ക്രീസിലെത്തിയതോടെ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.

പഞ്ചാബ് ബൗളര്‍മാരെല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുഹമ്മദ് ഷമി രണ്ടുവിക്കറ്റുകള്‍ നേടിയപ്പോള്‍ മാക്‌സ്വെല്‍, നീഷാം, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിർത്തിയിരിക്കുകയാണ്. ഈ സീസണിലെ നാലാമത്തെ വിജയമാണ് പഞ്ചാബിന്റേത്.

Story highlights- Kings XI Punjab to 5-wicket win over Delhi Capitals