‘പഞ്ചായത്തിലെ ഏറ്റവും മോശപ്പെട്ട വീട്’ നിര്‍മിച്ചപ്പോള്‍ ജ്യോതിഷ് ശങ്കറിനെ തേടിയെത്തിയത് സംസ്ഥാന അവാര്‍ഡ്
സിമന്റ് തേക്കാത്ത ഇഷ്ടിക ചുമര്, ചുമരിലാണെങ്കിലോ നിറയെ പായലും പൂപ്പലും, മറകെട്ടിയത് നെറ്റുകൊണ്ട്, ‘പഞ്ചായത്തിലെതന്നെ ഏറ്റവും മോശപ്പെട്ട വീട്’… ഈ വാചകങ്ങള്‍ മാത്രം മതി പറഞ്ഞുവരുന്നത് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിലെ ആ പണിതീരാത്ത വീടിനെക്കുറിച്ചാണെന്ന് മനസിലാക്കാന്‍. ഒരു പക്ഷെ സിനിമയിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളേയും പോലെത്തന്നെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ ഒന്നാണ് കുമ്പളങ്ങി നൈറ്റ്സിലെ അടച്ചുറപ്പില്ലാത്ത വീടും.
നാല് സഹോദരന്മാര് കഴിയുന്ന ആ വീട് സിനിമയ്ക്കു വേണ്ടി നിര്‍മിച്ചെടുത്തതാണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അത്ഭുതവും കൗതുകവുമൊക്കെയായിരിക്കും മനസ്സില്‍ തോന്നുക. കാരണം അത്രമേല്‍ സൂക്ഷ്മതയോടെയാണ് വീട്ടിലെ പൊട്ടും പൊടിയും വരെ നിര്‍മിച്ചെടുത്തത്. ഈ ഒരു വീട് മാത്രം മതി ആര്‍ട് ഡയറക്ടറായ ജ്യോതിഷ് ശങ്കര്‍ എന്ന പ്രതിഭാശാലിക്ക് നിറഞ്ഞ കൈയടി നല്കാന്. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച കലാസംവിധായകനായതും ഈ വീട് നിര്‍മിച്ച ജ്യോതിഷ് ശങ്കര്‍ ആണ്.
സിനിമയിലേക്കുള്ള അരങ്ങേറ്റം
ജ്യോതിഷ് ശങ്കര്‍ കരവിരുതില്‍ മനോഹരങ്ങളായ ശില്പങ്ങള് സൃഷ്ടിച്ചെടുക്കുന്ന കാലം. ശില്പിയാണെങ്കിലും ഉള്ളിലുള്ള മോഹം എന്നും സിനിമതന്നെ. ഒരിക്കല്‍ തിരുവനന്തപുരത്ത് സുഹൃത്തായ ശരത് കെ ലത്തീഫുമായി സംസാരിക്കുന്നതിനിടെയിലും സിനിമയിലേക്ക് എത്തുക എന്ന ആഗ്രഹം കടന്നെത്തി. അങ്ങനെ ശരത്തിന്റെ സുഹൃത്തായിരുന്ന ആര്‍ട് ഡയറക്ടറായ സാലു കെ ജോര്‍ജിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ അസിസ്റ്റന്റായി സിനിമയിലേക്കെത്തുകയും ചെയ്തു. സലീം കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ആദാമിന്റെ മകന് അബു’ എന്ന ചിത്രത്തിലൂടെ സ്വന്തമായി കലാസംവിധാനം നിര്‍വഹിച്ചുകൊണ്ട് ജ്യോതിഷ് ശങ്കര്‍ മലയാള സിനിമയില്‍ ചുവടുറപ്പിച്ചു.
കുമ്പളങ്ങിയിലെ പണിതീരാത്ത വീടും തൊണ്ടിമുതല്‍ അന്വേഷിച്ച പൊലീസ് സ്റ്റേഷനും
കൊച്ചിയിലെ പള്ളിത്തോട് എന്ന സ്ഥലത്താണ് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയ്ക്ക് വേണ്ടി വീട് സെറ്റ് ചെയ്തത്. സംവിധായകന് മധു സി നാരായണനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും പറഞ്ഞത് അനുസരിച്ചായിരുന്നു വീടിന്റെ നിര്‍മാണം. വീടിന് പഴക്കം തോന്നാന്‍ വേണ്ടി പായല്‍ പിടിപ്പിച്ചിരുന്നു. സിനിമയ്ക്കു വേണ്ടിത്തന്നെ ആര്‍ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കറും സംഘവും വളര്‍ത്തിയെടുത്തതാണ് ആ പായല്‍ പോലും.
ഇന്ദ്രന്‍സിനെ നായകനാക്കി ഡോക്ടര്‍ ബിജു സംവിധാനം നിര്‍വഹിച്ച ‘വെയില് മരങ്ങള്‍’ എന്ന ചിത്രത്തിലും ജ്യോതിഷ് ശങ്കറിന്റെ കരവിരുത് എടുത്തുപറയേണ്ടതാണ്. മണ്‍റോ തുരുത്തും ഹിമാലയവുമൊക്കെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. വേറിട്ട കാലാവസ്ഥകള്‍ക്ക് അനുസരിച്ച് വ്യത്യസ്ത വീടുകള്‍ സിനിമയില്‍ ഇടം നേടിയിട്ടുണ്ട്. ഈ വീടുകളെല്ലാം കലാസംവിധായകന്റെ മികവാര്‍ന്ന സൃഷ്ടികളാണ്. വെള്ളംകേറിയ വീടും, മഞ്ഞ് പുതച്ച വീടുമെല്ലാം സിനിമയിലെന്നപോലെ പ്രേക്ഷക ഹൃദയങ്ങളിലും ഇടം നേടി.
Story highlights: Kumbalangi Nights art direction Jothish Shankar state award winner