‘കൊച്ചു ചാക്കോച്ചൻ മുതൽ കുഞ്ചാക്കോച്ചൻ വരെ’- രസകരമായ ചിത്രവുമായി കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. സിനിമാജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൂടെയാണ് കുഞ്ചാക്കോ ബോബൻ കടന്നുപോകുന്നത്. ഇടവേളയ്ക്ക് ശേഷം ഒട്ടേറെ ഹിറ്റുകളാണ് കുഞ്ചാക്കോയുടെ കയ്യിലുള്ളത്. മാത്രമല്ല, പ്രതീക്ഷ നൽകുന്ന നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. കുടുംബ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമങ്ങളിൽ പതിവായി എത്താറുണ്ട്. ഇപ്പോഴിതാ, രസകരമായ ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ മൂന്നു കാലഘട്ടങ്ങൾ ഒരു ചിത്രത്തിൽ ഒരുക്കിയിരിക്കുന്നതാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലത്തും, കോളേജ് കാലത്തും ഇപ്പോഴുമുള്ള മൂന്നു ചിത്രങ്ങളാണ് ഒന്നാക്കിയിരിക്കുന്നത്. വളരെ മനോഹരമായൊരു ഡിജിറ്റൽ ആർട്ട് ആണിത്. രസകരമായൊരു ക്യാപ്ഷനും ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബൻ നൽകിയിട്ടുണ്ട്. ‘ കൊച്ചു ചാക്കോച്ചൻ മുതൽ കുഞ്ചാക്കോച്ചൻ വരെ’ എന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ.

അതേസമയം, നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി അണിയറയിൽ പുരോഗമിക്കുന്നത്. പട, മറിയം ടെയ്‌ലേഴ്‌സ്, മോഹൻകുമാർ ഫാൻസ്‌, ഗിർ എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ ഇനി വേഷമിടുന്നത്. ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം പുനഃരാരംഭിച്ച നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി കുഞ്ചാക്കോ ബോബൻ മുൻപ് പങ്കുവെച്ചിരുന്നു. ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് നായാട്ടിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ മൈക്കിളായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.

Read More: കണ്ണിന്റെ സ്‌ട്രെയിൻ കുറയ്ക്കാം; ഒപ്പം കൺതടങ്ങളിലെ കറുത്ത പാടുകളും

അതോടൊപ്പം, അഞ്ചാം പാതിരയ്ക്ക് ശേഷം വീണ്ടും ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്ന ആവേശത്തിലാണ് കുഞ്ചാക്കോ ബോബൻ. നിഴൽ എന്ന ചിത്രത്തിൽ നയൻതാരയ്ക്ക് ഒപ്പമാണ് കുഞ്ചാക്കോ ബോബൻ വേഷമിടുന്നത്. കുഞ്ചാക്കോ ബോബനും നയൻതാരയും ട്വന്റി-20 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഒന്നിച്ച് എത്തിയിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ഇരുവരും സിനിമയ്ക്കായി ഒന്നിക്കുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. 

Story highlights- kunchacko boban’s facebook post