മുഖത്തെ മേക്കപ്പ് നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
മേക്കപ്പിടാതെ പുറത്തിറങ്ങാൻ മടികാണിക്കുന്നവരാണ് ഇന്ന് മിക്കവരും. സ്ഥിരമായി മേക്കപ്പ് ഇടുന്നത് ചർമ്മത്തിന് അത്ര നല്ലതല്ല, എന്നാൽ അതിനേക്കാൾ ഏറെ ദൂഷ്യമായ ഒന്നാണ് രാത്രി ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാതിരിക്കുന്നത്. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് കഴുകി വൃത്തിയാക്കണം. ഇത് ചർമ്മത്തെ ശരിയായി ശ്വസിക്കാൻ സഹായിക്കും. മേക്കപ്പ് മുഴുവനായി നീക്കം ചെയ്തിട്ടില്ലെങ്കിൽ മുഖത്ത് കറുത്തപാടുകളും മുഖക്കുരുവും ഉണ്ടാകാൻ ഇത് കാരണമാകും.
ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് പൂർണമായി നീക്കം ചെയ്യാൻ സാധിച്ചില്ലെങ്കിൽ രാവിലെ ഉണർന്നയുടൻ മുഖത്തെ മേക്കപ്പ് തുടച്ചുനീക്കണം. മേക്കപ്പ് കളയുന്നതിന് മുൻപായി മുഖത്ത് സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുക. മുഖം മേക്കപ്പ് റിമൂവറോ, ക്ലെൻസറോ ഉപയോഗിച്ച് പൂർണമായും തുടച്ചുനീക്കിയശേഷം ശുദ്ധജലത്തിൽ വൃത്തിയായി കഴുകണം.
ഉറങ്ങാൻ പോകുന്നതിന് മുൻപായി കണ്ണുകളും വൃത്തിയായി കഴുകണം. ഐ ലൈനർ, മസ്കാര എന്നിവ കണ്ണിനുള്ളിൽ പറ്റുന്നത് പരമാവധി ഒഴിവാക്കണം. കണ്ണിനുള്ളിൽ പറ്റിയാൽ അത് ശുദ്ധ ജലമുപയോഗിച്ച് കഴുകേണ്ടതും അത്യാവശ്യമാണ്. കൂളിങ് ഐ ഡ്രോപ്‌സ് ഉപയോഗിച്ചും കണ്ണുകൾ വൃത്തിയാക്കാം.
കൂടുതലും ചർമ്മത്തിന് ഇണങ്ങുന്ന നാച്ചുറൽ മേക്കപ്പ് ഇടുന്നതാണ് ഉത്തമം. അത്യാവശ്യ സന്ദർഭങ്ങൾ ഒഴികെ മുഖത്ത് മേക്കപ്പ് ഇടാതിരിക്കുന്നതാണ് നല്ലത്. മേക്കപ്പ് കഴുകി കളഞ്ഞു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉറങ്ങാൻ പോകുക. ഇത് ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കും.
Story Highlights: makeup removing tips