സാഹസീക പ്രകടനത്തിലൂടെ ഗിന്നസ് റെക്കോഡ് നേടി യുവാവ്; കണ്ണുകെട്ടി ഒരു മിനിറ്റിൽ പൊട്ടിച്ചത് 49 തേങ്ങകൾ
സാഹസീകത ഇഷ്ടപ്പെടുന്നവരുടെ നിരവധി ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കാഴ്ചക്കാരെ ഞെട്ടിക്കുന്ന സാഹസീക പ്രകടനത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് വേള്ഡ് റെക്കോഡ്സിൽ ഇടം നേടിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിയായ ഒരു യുവാവ്. കണ്ണുകെട്ടി ഒരു മിനിറ്റുകൊണ്ട് 49 തേങ്ങകൾ പൊട്ടിച്ചുകൊണ്ടാണ് മാർഷ്യൽ ആർട്സ് വിദ്യാർത്ഥി ബോയില്ല രാകേഷ് ഗിന്നസ് ബുക്കിൽ ഇടംനേടിയത്.
കറുത്ത തുണി കൊണ്ട് കണ്ണുമൂടിക്കെട്ടിയ രാകേഷ്, ചുറ്റിക ഉപയോഗിച്ച് തേങ്ങകൾ അടിച്ചു പൊട്ടിക്കുകയായിരുന്നു. കറുത്ത തുണികൊണ്ട് കണ്ണ് കെട്ടിയശേഷം റോഡിൽ കൂട്ടിയിട്ട തേങ്ങയാണ് രാകേഷ് ചുറ്റിക ഉപയോഗിച്ച് പൊട്ടിച്ചത്. എന്നാൽ ഈ തേങ്ങയ്ക്ക് നടുവിലായി രാകേഷിന്റെ മാസ്റ്റർ പ്രഭാകർ റെഡ്ഢിയും കിടന്നിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തോട് ചേർത്ത് വെച്ചിരുന്ന തേങ്ങ അതിസാഹസീകമായാണ് രാകേഷ് ചുറ്റിക ഉപയോഗിച്ച് പൊട്ടിച്ചത്.
ആറു മാസത്തെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് രാകേഷ് തേങ്ങ പൊട്ടിച്ചത്. സാഹസികത നിറഞ്ഞ ഈ പ്രകടനത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് രാകേഷിനെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. ഏറെ ശ്രദ്ധയും കരുതലും ആവശ്യമുള്ള ഈ പ്രകടനം വളരെ അനായാസം ചെയ്യുന്ന രാകേഷിന് മികച്ച പിന്തുണയും സോഷ്യൽ ലോകത്ത് നിന്നും ലഭിക്കുന്നുണ്ട്. അതേസമയം ഈ വീഡിയോ ആരും അനുകരിക്കരുത്, ഇത് വളരെയധികം അപകടം പിടിച്ചതാണെന്ന് അഭിപ്രായപെടുന്നവരും നിരവധിയാണ്.
Story Highlights:man smashes 49 coconuts in one minute with blindfold gets Guinness World Records