‘അന്ന് ആദ്യമായി ക്യാമ്പസിലേക്ക് കാലെടുത്തുവച്ചപ്പോൾ കരയുകയായിരുന്നു ഞാൻ’- പാതിവഴിയിൽ മുടങ്ങിയ പഠനം പരിശ്രമത്തിലൂടെ പൂർത്തിയാക്കിയ കഥ പങ്കുവെച്ച് മന്യ
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നടി മന്യ അഭിനയ രംഗത്തേക്ക് എത്തിയത്. പഠിക്കാനേറെ ഇഷ്ടമുണ്ടായിരുന്നിട്ടും അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് മന്യ സിനിമയിലേക്ക് എത്തിയത്. എന്നാൽ, 41 സിനിമകൾക്ക് ശേഷം വീണ്ടും പഠനത്തിലേക്ക് മടങ്ങിയ മന്യ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. അടുത്തിടെ, മന്യ നായികയായ കുഞ്ഞിക്കൂനൻ എന്ന ചിത്രം ട്രോളുകളിൽ നിറഞ്ഞിരുന്നു. ആ ട്രോളുകൾ പോലെ ഇതും വൈറലാകണമെന്ന് ആഗ്രഹിക്കുന്നു എന്ന ആമുഖത്തോടെയാണ് മന്യ തന്റെ വിജയഗാഥ പങ്കുവെച്ചത്.
മന്യയുടെ കുറിപ്പ്;
ഇത് ട്രോൾ പോലെ വൈറലാകാൻ ആഗ്രഹിക്കുന്നു. കാരണം, പോസിറ്റീവ് കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ സമൂഹമാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ കരുതുന്നു. സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്.
എനിക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും സാധിക്കും..
എന്റെ കൗമാരപ്രായത്തിൽ തന്നെ പപ്പ മരിച്ചു. ജോലി ചെയ്യാനും എന്റെ കുടുംബത്തെ സഹായിക്കാനുമായി എനിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. എനിക്ക് സ്കൂൾ വളരെ ഇഷ്ടമായിരുന്നു, പക്ഷേ വിശപ്പ് എന്താണെന്നും എനിക്കറിയാമായിരുന്നു.
ഒരു നടി എന്ന നിലയിൽ 41 സിനിമകൾ പൂർത്തിയാക്കിയ ശേഷം ഞാൻ സമ്പാദിച്ച പണം മുഴുവൻ എന്റെ അമ്മയെ ഏൽപ്പിച്ചു. എന്നിട്ട് പഠനം പുനഃരാരംഭിച്ചു. ഞാൻ വളരെ കഠിനമായി പഠിക്കുകയും സാറ്റ് പരീക്ഷ എഴുതുകയും ചെയ്തു.
ഒരു ഐവി ലീഗിൽ പഠിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എനിക്ക് ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പഠനത്തിന് പ്രവേശനം ലഭിച്ചു. അന്ന് ആദ്യമായി ക്യാമ്പസിലേക്ക് കാലെടുത്തുവച്ചപ്പോൾ കരയുകയായിരുന്നു ഞാൻ – വളരെയധികം കരഞ്ഞു. കുട്ടിക്കാലത്ത് ഞാൻ സ്നേഹിച്ച കാര്യങ്ങൾ തുടരാൻ കഴിഞ്ഞതിന്റെ സന്തോഷ കണ്ണീര് ആയിരുന്നു അത്.
പ്രവേശനം നേടുകയെന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. പക്ഷേ മാത്തമാറ്റിക്സ്- സ്റ്റാറ്റിസ്റ്റിക്സിൽ 4 വർഷം പൂർത്തിയാക്കുക, ഓണേഴ്സ് ബിരുദം നേടുക, സ്കോളർഷിപ്പ് നേടുക എന്നതൊക്കെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യങ്ങളായിരുന്നു.
മടുപ്പുതോന്നി പലതവണ ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക് വ്യക്തിപരവും ആരോഗ്യപരവുമായ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞാൻ എന്നെത്തന്നെ സ്വയം തള്ളിവിടുകയായിരുന്നു.
എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. വിദ്യാഭ്യാസം നിങ്ങൾക്ക് പറക്കാൻ ചിറകുകൾ നൽകുന്നു.
എന്റെ അറിവ് എന്നിൽ നിന്ന് മോഷ്ടിക്കാൻ ആർക്കും സാധിക്കില്ല.
Read More: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്; 6486 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
ഈ അനന്തമായ പ്രപഞ്ചത്തിൽ നിങ്ങൾ എത്ര ചെറുതാണെന്ന് മനസ്സിലാക്കുന്നതിനനുസരിച്ച് നിങ്ങൾ കൂടുതൽ അറിവ് നേടുന്നു, കൂടുതൽ വിനയാന്വിതനായിത്തീരുന്നു. നാമെല്ലാവരും അതുല്യരായി ജനിച്ചവരാണ് -എപ്പോഴും അത് ഓർക്കുക. എന്റെ കഥ ഒരു വ്യക്തിയെ എങ്കിലും പ്രോത്സാഹിപ്പിക്കുന്നതിനായി ഞാൻ ഈ കുറിപ്പ് പങ്കിടുന്നു.
Story highlights- manya about importance of education