അങ്ങ് ജപ്പാനിലും ഉണ്ട് ഒരു കേരളാ മോഡല്‍ ഗ്രാമം

Mini Kerala village hidden in Japan

കേരളത്തനിമയുള്ള ഒരു വീട്, കുളം, ചായപ്പീടിക ഇതൊക്കെ എവിടെ കാണാം എന്നു ചോദിച്ചാല്‍ കേരളത്തില്‍ മാത്രം എന്നായിരിക്കും മറുപടി. എന്നാല്‍ ഇതെല്ലാം അങ്ങ് ജപ്പാനിലുമുണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു കേരളാ മോഡല്‍ ഗ്രാമം തന്നെയുണ്ട് ജപ്പാനില്‍. ജപ്പാനിലെ ഒരു ഓപ്പണ്‍ എയര്‍ മ്യൂസിയത്തിലാണ് ഇത്തരത്തില്‍ കേരളത്തെ അനുസ്മരിപ്പിക്കുന്ന ഇടം.

ദ് ലിറ്റില്‍ വേള്‍ഡ് മ്യൂസിയം ഓഫ് മാന്‍ എന്നാണ് മ്യൂസിയത്തിന്റെ പേര്. ജപ്പാനിലെ നയോഗ പട്ടണത്തിലെ ഇനിയുമ എന്ന സ്ഥലത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ പല രാജ്യങ്ങളില്‍ നിന്നുള്ള വീടുകളും സംസ്‌കാരവും ഒക്കെ പ്രതിഫലിക്കുന്നുണ്ട് ഈ മ്യൂസിയത്തില്‍. മ്യൂസിയത്തിലെ 22 രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധികരിക്കുന്നതാണ് കേരളാ മോഡല്‍ ഗ്രാമം.

പരമ്പരാഗത ശൈലിയില്‍ വെട്ടുകല്ലുകള്‍ക്കൊണ്ട് നിര്‍മിച്ച ഭവനമാണ് കേരളാ മോഡല്‍ ഗ്രാമത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. നീളമുള്ള വരാന്തയും തുളസിത്തറയും വീട്ടു മുറ്റത്തുണ്ട്. വീടിനകത്താകട്ടെ നടുമുറ്റവും ഉണ്ട്. വീട്ടിലെ സാധനങ്ങളും പൂജാമുറിയും എല്ലാം കേരളത്തനിമ നിറഞ്ഞവയാണ്. വീടിനോട് ചേര്‍ന്ന് ഒരു കുളവുമുണ്ട്. കേരളത്തിലെ ചെറിയ ഒരു ഗ്രാമം മുഴുവന്‍ പുനര്‍നിര്‍മിച്ചിട്ടുണ്ട് ഇവിടെ.

കേരള ഗ്രാമങ്ങളില്‍ കാണപ്പെടുന്ന ചായപ്പീടികയും ഇവിടെ ഉണ്ട്. കേരളാ രുചികളും ഇവിടെ ലഭ്യം. ലോകത്തിന്റെ പലയിടങ്ങളിലേയും രുചി വൈവിധ്യങ്ങളും സംസ്‌കാരങ്ങളും വാസ്തുശൈലിയുമെല്ലാം ഇഴചേര്‍ന്നിരിക്കുന്നു മനോഹരമായ ഈ ഓപ്പണ്‍ എയര്‍ മ്യൂസിയത്തില്‍.

Story highlights: Mini Kerala village hidden in Japan