‘അദ്ദേഹം ഡയറ്റിലാണെങ്കിലും ഞങ്ങൾക്ക് രുചികരമായ ബിരിയാണി നൽകി’- ദൃശ്യം 2 അണിയറപ്രവർത്തകർക്ക് സ്പെഷ്യൽ ബിരിയാണി നൽകി മോഹൻലാൽ

നീണ്ട ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ് സിനിമാലോകം. വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ സന്തോഷം ഓരോ താരങ്ങളും സമൂഹമാധ്യങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ദൃശ്യം 2 ലൊക്കേഷനിലും ആഘോഷങ്ങൾക്ക് കുറവില്ല. ചുരുക്കം ആളുകളാണ് സെറ്റിലുള്ളതെങ്കിലും ഇടവേളകൾ സജീവമാക്കുകയാണ് അണിയറപ്രവർത്തകർ. അടുത്തിടെ ദൃശ്യം ലൊക്കേഷനിൽ ലുഡോ കളിക്കുന്ന മോഹൻലാൽ, മീന, എസ്തർ, അൻസിബ എന്നിവരുടെ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, അണിയറപ്രവർത്തകർക്ക് സ്നേഹമറിയിച്ച് ബിരിയാണി നൽകിയിരിക്കുകയാണ് മോഹൻലാൽ.

സിനിമയിൽ മോഹൻലാലിന്റെ മകളായി അഭിനയിക്കുന്ന എസ്തർ അനിൽ, സമൂഹമാധ്യമങ്ങളിൽ തനിക്ക് ലഭിച്ച രുചികരമായ ബിരിയാണിയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അദ്ദേഹം ഡയറ്റിലാണെങ്കിലും ഞങ്ങൾക്ക് രുചികരമായ ബിരിയാണി നൽകി’- എസ്തർ ചിത്രത്തിനൊപ്പം കുറിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് എസ്തർ ബിരിയാണി വിശേഷം പങ്കുവെച്ചത്. മീനയും അൻസിബയുമെല്ലാം മോഹൻലാൽ സമ്മാനിച്ച ബിരിയാണിയുടെ വിശേഷങ്ങൾ പങ്കുവെച്ചു.

ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടക്കുന്നതും. ജോർജുകുട്ടിയും കുടുംബവും ആറു വർഷങ്ങൾക്ക് ശേഷം എന്ന കുറിപ്പിനൊപ്പം കഴിഞ്ഞ ദിവസം ജീത്തു ജോസഫ് പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല.  മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.

Story highlights- Mohanlal treats his co-stars