ഒടിടി റിലീസിനൊരുങ്ങി നയൻതാര ചിത്രം ‘മൂക്കുത്തി അമ്മൻ’
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മൂക്കുത്തി അമ്മൻ’. ചിത്രത്തിൽ ദേവീ വേഷത്തിലാണ് നയൻതാര എത്തുന്നത്. സിനിമയിലെ നയൻതാരയുടെ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആർ ജെ ബാലാജിയും എൻ ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർ ജെ ബാലാജി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആർ ജെ ബാലാജിയാണ് നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ’ ലുക്ക് പുറത്തുവിട്ടത്.
Read also:ചിത്രീകരണത്തിനിടയിൽ ടൊവിനോ തോമസിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി റിലീസിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദീപാവലി നാളിൽ സ്റ്റാർ വിജയ് ടിവിയിലും ചിത്രത്തിന്റെ പ്രീമിയർ ടെലികാസ്റ്റുണ്ട്. മൗലി, ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇശാരി ഗണേഷാണ് ചിത്രം നിര്‍മിക്കുന്നത്.
ദേവി കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പായി നിരവധി പ്രസിദ്ധ ദേവീ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു താരം. അതിന് പുറമെ ‘മൂക്കുത്തി അമ്മൻ’ ഷൂട്ടിംഗ് പൂർത്തിയാകും വരെ മാംസാഹാരം ഉപേക്ഷിച്ചാണ് നയൻതാര അഭിനയിച്ചത്. മുൻപ് ‘രാമരാജ്യം’ എന്ന സിനിമയ്ക്കായും താരം നോമ്പ് നോറ്റാണ് ചിത്രത്തിന് വേണ്ടി ഒരുങ്ങിയത്.
Story Highlights:Mookuthi Amman movie ott release