സാഹസികത നിറഞ്ഞ മഡ് റേസിങ് പ്രമേയവുമായി ‘മഡ്ഡി’ ഒരുങ്ങുന്നു

October 2, 2020
Movie based on off road mud race

തികച്ചും വ്യത്യസ്തമായ ഒരു പ്രമേയവുമായി ഒരുങ്ങുന്ന ചിത്രമാണ് മഡ്ഡി. അതിസാഹസികത നിറഞ്ഞ മഡ് റേസിങ് ആണ് ചിത്രത്തിന്റെ പ്രമേയം. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മഡ് റേസിങ് പ്രമേയമാക്കി ഒരു ചിത്രം ഒരുങ്ങുന്നതും.

നവാഗതനായ പ്രഗഭല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പി കെ സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. തിയേറ്ററുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. അതേസമയം ബഹുഭാഷയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മഡ്ഡി.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നവരെല്ലാം തന്നെ പുതുമുഖങ്ങളാണ്. അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലറാണ് ഈ ചിത്രം. മഡ് റേസിങ്, ചെളിയിലുള്ള സംഘട്ടനങ്ങള്‍ തുടങ്ങിയവയൊക്കെ ഇടം നേടിയിട്ടുണ്ട് ചിത്രത്തില്‍. ചിത്രത്തിലെ മിക്ക സാഹസിക രംഗങ്ങളും ചെളിയില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതും.

അഞ്ച് വര്‍ഷത്തോളമെടുത്തു സിനിമയുടെ പൂര്‍ത്തീകരണത്തിനായി. കേന്ദ്രകഥാപാത്രങ്ങള്‍ രണ്ട് വര്‍ഷത്തോളം മഡ് റേസിങ്ങില്‍ പരിശീലനവും നേടി. ഡ്യൂപ്പുകള്‍ ഇല്ലാതെയാണ് സാഹസികത നിറഞ്ഞ രംഗങ്ങള്‍ ചിത്രീകരിച്ചത് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

Story highlights: Movie based on off road mud race