‘മാർക്കോണി മത്തായി’ ഇനി ‘റേഡിയോ മാധവ്’; ചിത്രം ഉടൻ
ജയറാമും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിതമാണ് ‘മാർക്കോണി മത്തായി’. ജനപ്രിയ നടൻ ജയറാമിനൊപ്പം വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമാണ് മാർക്കോണി മത്തായി. ഇപ്പോഴിതാ തെലുങ്കിലേക്ക് മൊഴിമാറ്റി എത്തുകയാണ് ചിത്രം. ‘റേഡിയോ മാധവ്’ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് പേര്. നടന്‍ ശ്രീവിഷ്ണു ആണ് തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ഭാഗ്യശ്രീ തിരക്കഥയും ഗാനരചനയും നിര്‍വ്വഹിക്കുന്ന ചിത്രം തെലുങ്കിലേക്കെത്തിക്കുന്നത് ഗുണ്ടേപിടി സീനുവാണ്.
അതേസമയം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. ജയറാമിനും വിജയ് സേതുപതിക്കുമൊപ്പം റേഡിയോയ്ക്കും ഈ സിനിമയില്‍ പ്രാധാന്യം ഉണ്ട്.
Read also: ഹോളിവുഡ് സിനിമ ആസ്വാദകർക്ക് സന്തോഷവാർത്ത; അവതാർ- 2 ചിത്രീകരണം പൂർത്തിയായി
അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി.
പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രം നിർമിച്ചത്. ആത്മിയ ആണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Story Highlights: movie marconi mathai dubbing to telugu