‘നീ ഇപ്പോഴും എന്റെ ചോട്ടുവാണ്’- സഹോദരന് ഹൃദ്യമായ വിവാഹാശംസയുമായി നവ്യ

കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് നവ്യ. ഏത് തിരക്കിനിടയിലും നാട്ടിലേക്ക് ഓടിയെത്താറുള്ള നവ്യ സമൂഹമാധ്യമങ്ങളിൽ പതിവായി സഹോദരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സഹോദരൻ കണ്ണന്റെ വിവാഹത്തിന് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് നടി. വിവാഹ ചിത്രങ്ങൾക്കൊപ്പമാണ് നവ്യയുടെ ഹൃദയം തൊടുന്ന വാക്കുകൾ.
‘എന്റെ പ്രിയപ്പെട്ട കൃഷ്ണപ്പയ്ക്ക് നല്ലൊരു വിവാഹജീവിതം ആശംസിക്കുന്നു..എന്റെ സഹോദരനും, സുഹൃത്തുമായ കണ്ണാ..സൂര്യനു താഴെയുള്ള പല മണ്ടത്തരങ്ങളെക്കുറിച്ച് പോലും ഞങ്ങൾ രാത്രി വൈകി നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്. നിന്നെ ഞാൻ ഇപ്പോഴും വഴക്കുപറയുകയും, അടിക്കുകയും, നീ ചെയ്യുന്നതിനെയെല്ലാം കളിയാക്കുകയും ചെയ്യാറുണ്ട്..പക്ഷെ, ഒരിക്കൽ പോലും നീ ഇത്രയും വളർന്നെന്നു തിരിച്ചറിഞ്ഞില്ല. നീ ഇപ്പോഴും എന്റെ ചോട്ടുവാണ്.. നിങ്ങൾ രണ്ടുപേരും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ..’ നവ്യ കുറിക്കുന്നു.
അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായര്‍. ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറും തകര ബാന്‍ഡുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ലിജോ പോള്‍ ആണ്. ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമയിലാണ് നവ്യ നായര്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഒരത്തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.
Story highlights- navya nair about brother’s wedding