‘ഒരു മികച്ച ഗുരുനാഥന് എന്നത് ഭൂമിയിലെ മനോഹര സമ്മാനമാണ്’: നവ്യ നായര്‍
മലയാളികളുടെ പ്രിയതാരം നവ്യ നായര്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും സിനിമാ വിശേഷങ്ങള്‍ക്കുമപ്പുറം കുടുംബ വിശേഷങ്ങളും നൃത്തവിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. വിജയദശിമി ദിനത്തില്‍ ഗുരുവില്‍ നിന്നും അനുഗ്രഹം വാങ്ങാനെത്തിയ ചിത്രമാണ് നവ്യ നായര്‍ പങ്കുവെച്ചിരിക്കുന്നത്. മകന് സായ് കൃഷ്ണയേയും ചിത്രത്തില്‍ കാണാം. ‘ഒരു മികച്ച ഗുരുനാഥനെ ലഭിക്കുക എന്നത് ഭൂമിയിലെ ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണെന്നും നവ്യ നായര്‍ ചിത്രത്തിനൊപ്പം കുറിച്ചു.
അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായര്‍. ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറും തകര ബാന്‍ഡുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ലിജോ പോള്‍ ആണ്. ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമയിലാണ് നവ്യ നായര്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഒരത്തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.
ചെറുപ്പം മുതല്ക്കേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെ താരം തമിഴിലും അഭിനയിച്ചു. അതേസമയം 2002ല്‍ തിയേറ്ററുകളിലെത്തിയ ‘നന്ദനം’ ആണ് നവ്യ നായരെ ചലച്ചിത്രലോകത്ത് അടയാളപ്പെടുത്തിയ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരത്തെ തേടിയെത്തി. അമ്പതിലധികം മലയാള സിനിമയില്‍ നവ്യ നായര്‍ അഭിനയിച്ചിട്ടുണ്ട്.
Story highlights: Navya Nair with her teacher