ഹൈദരബാദിനെതിരെ സിക്‌സുകളുടെ പൂരം തീര്‍ത്ത് നിക്കോളാസ് പുരാന്‍; പിറന്നത് സീസണിലെ പുതിയ ചരിത്രം
ദുബായില്‍ ഇന്നലെ നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ സിക്‌സുകള്‍ക്കൊണ്ട് അതിശയപ്പിച്ച താരമാണ് നിക്കോളാസ് പുരാന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പതിമൂന്നാം സീസണില്‍ പുതിയൊരു ചരിത്രവും സ്വന്തം പേരിലാക്കി ഈ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം. പുരാന്‍ ആണ് ഈ സീസണില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി സ്വന്തമാക്കിയത്.
പതിനേഴ് പന്തുകളില്‍ നിന്നും നിക്കോളാസ് പുരാന്‍ 50 തികച്ചു. 19 പന്തില്‍ നിന്നുമായി അമ്പത് തികച്ച രാജസ്ഥാന്‍ റോയല്‍സ് താരവും മലയാളിയുമായ സഞ്ജു സാസംസണിന്റെ റെക്കോര്‍ഡാണ്‍ പുരാന്‍ മറികടന്നത്. ഒരു ഓവറില്‍ തന്നെ നാല് സിക്‌സും ഒരു ഫോറുമടക്കം 28 റണ്‍സ് നേടിയ പുരാന്‍ ഇന്നലെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 37 പന്തില്‍ നിന്നുമായി 77 റണ്‍സ് അടിച്ചെടുത്ത പൂരന്‍ ആണ് പഞ്ചാബിനെ അല്‍പമെങ്കിലും പിടിച്ചു നിര്‍ത്തിയത്. എന്നാല്‍ ഏഴ് സിക്സും അഞ്ച് ഫോറും നേടിയെങ്കിലും ടീമിനെ രക്ഷിക്കാന്‍ പുരാനായില്ല.
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 89 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരബാദ് സ്വന്തമാക്കിയത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ഹൈദരബാദ് അടിച്ചെടുത്തത്. 202 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് അടി തെറ്റി. 16.5 ഓവറുകള്‍ ആയപ്പോഴേക്കും 132 റണ്‍സുമായി പഞ്ചാബ് താരങ്ങള്‍ കളം വിട്ടു.
Story highlights: Nicholas Pooran fastest fifty of IPL 2020