നടന്നു നീങ്ങുന്ന കൂറ്റൻ കെട്ടിടം; 7000 ടൺ ഭാരമുള്ള സ്കൂൾ കെട്ടിടത്തെ മാറ്റി സ്ഥാപിക്കുന്നു, ഒരു വൈറൽ കാഴ്ച

ചില കാഴ്ചകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. 7000 ടൺ ഭാരമുള്ള ഒരു കെട്ടിടത്തെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് നടത്തി കൊണ്ടുപോകുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചൈനയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

പൊതുവെ പഴയ വലിയ കെട്ടിടങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമ്പോൾ സ്ലൈഡിങ് റെയിൽ അടിത്തറയിൽ ഘടിപ്പിച്ചാണ് കെട്ടിടങ്ങൾ നിരക്കി നീക്കുന്നത്. എന്നാൽ ഈ സ്കൂൾ കെട്ടിടത്തിന്റെ പഴക്കവും ആകൃതിയും കണക്കിലെടുത്താണ് സ്ലൈഡിങ് റെയിലിന്റെ പകരം റോബോട്ടിക് കൈകൾ ഉപയോഗിച്ച് കെട്ടിടത്തെ നടത്തി നീക്കിയത്.

200 റോബോട്ടിക് കൈകൾ ഉപയോഗിച്ചാണ് ഈ സ്കൂൾ കെട്ടിടത്തെ നീക്കി സ്ഥാപിച്ചത്. ഏകദേശം 18 ദിവസം എടുത്താണ് ഈ പഴയ സ്കൂൾ കെട്ടിടത്തെ പുതിയ സ്ഥലത്തേക്ക് മാറ്റിയത്. പുതിയ സ്ഥലത്ത് സ്ഥാപിച്ച ശേഷം കെട്ടിടത്തെ പുതുക്കി നിർമിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ഉത്തരേന്ത്യൻ സംഘത്തിന്റെ കീഴിലുള്ള ടീമാണ് ഇത്തരത്തിൽ കെട്ടിടങ്ങൾ നശിക്കാതെ മറ്റ് ഇടങ്ങളിലേക്ക് സുരക്ഷിതമായി മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നത്. കേരളത്തിലും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതലായും മധ്യകേരളത്തിലാണ് ഇത്തരത്തിൽ പഴയ വീടുകൾ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചത്. ഇതിനോടകം ഏകദേശം ആയിരത്തോളം വീടുകൾ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു എന്നാണ് കണക്കുകൾ പറയുന്നത്.

Story Highlights: Old building ‘walks’ to new location