കൊടുംവെയിലില്‍ കുടചൂടി കച്ചവടം; ഒടുവില്‍ അപ്പൂപ്പന് സ്നേഹത്തണലൊരുങ്ങി
ഉപജീവനത്തിനായി കഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. വെയിലും മഴയും ഏറ്റ് അന്നന്നു വേണ്ടുന്ന ആഹാരത്തിനായി കഠിനാധ്വാനം ചെയ്യുന്നവര്‍. പൊരി വെയിലത്ത് കുടയും ചൂടി ചെടികള്‍ കച്ചവടം ചെയ്യുന്ന ഒരു വൃദ്ധന്റെ ചിത്രം അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒടുവില്‍ അദ്ദേഹത്തിന് സുമനസ്സുകളുടെ സഹായമെത്തി.
രെവണ സിദ്ദപ്പ എന്നാണ് ഈ അപ്പൂപ്പന്റെ പേര്. ബെംഗളൂരുവിലെ കനകപുരയില്‍ ഒരു വലിയ ഷോപ്പിങ് കോംപ്ലെക്സിന് മുന്നിലായ് റോഡരികല്‍ ചെടികള്‍ വില്‍ക്കുന്ന അപ്പൂപ്പനായിരുന്നു ചിത്രത്തില്‍. ചൂടില്‍ നിന്നും രക്ഷ നേടാനായി ഒരു കുടയും അദ്ദേഹം നിവര്‍ത്തി പിടിച്ചു. ബെംഗളൂരു സ്വദേശിയായ ശുഭാം ജെയിന് ആണ് ഇദ്ദേഹത്തിന് സഹായമഭ്യര്‍ത്ഥിച്ച് ചിത്രം ട്വീറ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങള്‍ വളരെ വേഗത്തില്‍ ഏറ്റെടുത്തു ഈ ചിത്രത്തെ. ചലച്ചിത്രതാരങ്ങളടക്കം നിരവധി പേര് ട്വീറ്റ് പങ്കുവയ്ക്കുകയും ചെയ്തു. സംഭവം വൈറലായതോടെ ബെംഗളൂരുവിലെ ചില സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് ഇദ്ദേഹത്തിന് കച്ചവടം നടത്താനായി ഒരു സ്റ്റാളും കൂടുതല്‍ ചെടികളും എത്തിച്ചു നല്കി.
Story highlights: Old man who sells plants in road side got help