ടോം ക്രൂയിസിനൊപ്പം ശ്രദ്ധ നേടി ഇന്ത്യന്‍ നിര്‍മിത ബി എം ഡബ്യു ബൈക്ക്; ചിത്രങ്ങള്‍
ടോം ക്രൂയിസ് കേന്ദ്ര കഥാപാത്രമായെത്തുന്ന മിഷന്‍ ഇംപോസിബിള്‍ 7 എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഹോളിവുഡ് ആക്ഷന്‍ ചിത്രത്തില്‍ നായകനൊപ്പം ശ്രദ്ധ നേടാന്‍ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ വാഹനം. ഇന്ത്യന്‍ നിര്‍മിത ബി എം ഡബ്ല്യു ജി 310 ജി എസ് ബൈക്കിലിരിക്കുന്ന ടോം ക്രൂയിസിന്റെ ചിത്രങ്ങളാണ് വാഹനപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
ഷൂട്ടിങ്ങിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ടോം ക്രൂയിസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പൊലീസ് ബൈക്കായാണ് താരം ഈ വാഹനം ഉപയോഗിക്കുന്നത്. അടുത്തിടെയാണ് ബി എം ഡബ്യു ജി 310 ജി എസ് ജി 310 ബൈക്കുകളുടെ പുതുക്കിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആറ് സ്പീഡ് ഗിയര്‍ ബോക്‌സാണ് വാഹനത്തിന്റേത്.
കൊവിഡ് പ്രതിസന്ധിമൂലം അല്‍പകാലത്തേക്ക് മിഷന്‍ ഇംപോസിബിള്‍ 7 ന്റെ ചിത്രീകരണത്തിന് തടസം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ജൂലൈയോടെ ചിത്രീകരണം പുനഃരാരംഭിച്ചു. ഇതിനിടെയാണ് ഓക്സഫോര്‍ഡ്ഷയറില്‍ കോടിക്കണക്കിന് രൂപ മുടക്കി നിര്‍മിച്ച സെറ്റ് കത്തി നശിച്ചതും.
ചിത്രത്തിന്റെ സഹനിര്‍മാതാക്കളില്‍ ഒരാളുകൂടിയാണ് ടോം ക്രൂയിസ്. ക്രിസ്റ്റഫര്‍ മക്വാറി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്‍, മിഷന്‍ ഇംപോസിബിള്‍ ഫാളൗട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ക്രിസ്റ്റഫര്‍ മക്വാറി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മിഷന്‍ ഇംപോസിബിള്‍ 7. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ വീഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
Story highlights: Tom Cruise Ride Indian Made BMW G 310 GS Bike In Mission Impossible-7 Shooting