‘എന്നെ പാരീസിലേക്ക് തിരികെ കൊണ്ടുപോകൂ’- നഷ്‌ടമായ ഒറ്റക്കുള്ള യാത്രകളുടെ ഓർമ്മകൾ പങ്കുവെച്ച് പൂർണിമ
യാത്രകളെ വളരെയധികം സ്നേഹിക്കുന്ന പൂർണിമ ഇന്ദ്രജിത്ത് കുടുംബത്തിനൊപ്പവും ഒറ്റക്കും വിദേശത്തേക്ക് യാത്ര നടത്താറുണ്ട്. വർഷത്തിൽ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്ത് പുതിയ വ്യക്തികളെ പരിചയപ്പെട്ട്, പുതിയ കാര്യങ്ങൾ പഠിക്കുന്നത് പൂർണിമയുടെ പതിവാണ്. എന്നാൽ, കൊവിഡ്, ഇത്തവണ ആ യാത്രകളെല്ലാം മുടക്കിയ സങ്കടത്തിലാണ് പൂർണിമ.
സ്വപ്ന നഗരമായ പാരീസിലേക്കുള്ള തന്റെ മുൻ യാത്രകളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നഷ്‌ടമായ യാത്രകളെക്കുറിച്ച് കുറിക്കുകയാണ് പൂർണിമ. ‘എന്നെ പാരീസിലേക്ക് തിരികെ കൊണ്ടുപോകൂ.. അജ്ഞാതരായ ആ ഏകാംഗ യാത്രക്കാർ, ആ സംഭാഷണങ്ങൾ, ആ ഓർമ്മകൾ, സൗഹൃദങ്ങൾ. നാമെല്ലാവരും ഒരു വ്യക്തിയെ അല്ലെങ്കിൽ വീട് പോലെ തോന്നുന്ന ഒരു സ്ഥലം കണ്ടെത്താനുള്ള യാത്രയിലെ വെറും യാത്രക്കാർ മാത്രമാണ്’. പൂർണിമ കുറിക്കുന്നു.
നടിയും, അവതാരകയും, ഫാഷൻ ഡിസൈനറായും ശോഭിക്കുന്ന പൂർണിമ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മലയാള സിനിമയിലെ ഫാഷൻ ഐക്കണാണ് പൂർണിമ. മോഡലിംഗ് രംഗത്ത് നിന്നുമാണ് പൂർണിമ സിനിമാ ലോകത്തേക്ക് എത്തിയത്. സിനിമയിലും സീരിയലിലുമായി മലയാളത്തിലും തമിഴിലും സജീവമായിരുന്നു പൂർണിമ. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം വസ്ത്രവ്യാപാര രംഗത്തേക്ക് തിരിയുകയായിരുന്നു താരം. 1986ല്‍ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ പൂർണിമയുടെ വര്‍ണ്ണകാഴ്ചകള്‍, രണ്ടാം ഭാവം, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവ.
ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസാ’ണ് പൂർണിമ ഇന്ദ്രജിത്ത് വേഷമിട്ട് തിയേറ്ററിലെത്തിയ അവസാന ചിത്രം. രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ പൂർണിമ എത്തുന്നുണ്ട്. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
Story highlights- poornima indrajith about solo trips