മഹാകവി അക്കിത്തത്തിന്റെ രചനകള്‍ മലയാള സാഹിത്യത്തെ പുനര്‍നിര്‍വചിച്ചെന്നു പ്രധാനമന്ത്രി

October 19, 2020
Prime Minister Narendra Modi condolences for the demise of Akkitham

മഹാകവി അക്കിത്തത്തിന്റെ വേര്‍പാടിന്റെ ദുഃഖം വിട്ടകന്നിട്ടില്ല സാഹിത്യലോകത്തു നിന്നും. അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ രചനകള്‍ മലയാള സാഹിത്യത്തെ പുനര്‍നിര്‍വചിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്കിത്തം കുടുംബത്തിന് അയച്ച അനുശോചന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. യുവാക്കള്‍ക്കുള്‍പ്പെടെ എല്ലാ തലമുറയിലേയും വായനക്കാരെ സ്വാധീനിക്കുവാന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രചനകള്‍ക്കും കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 15-നാണ് അക്കിത്തത്തെ മരണം കവര്‍ന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

1926 മാര്‍ച്ച് 18- ന് അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റേയും മകനായിട്ടായിരുന്നു അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ജനനം. എട്ട് വയസ്സുമുതല്‍ അദ്ദേഹം കവിത എഴുതിത്തുടങ്ങി. വി ടി ഭട്ടതിരിപ്പാട്, ഉറൂബ്, ഇടശ്ശേരി എന്നിവരുമായി പ്രത്യേകമായ അടുപ്പം സൂക്ഷിച്ചിരുന്നു അദ്ദേഹം. നമ്പൂതിരി സമൂദായത്തിന്റെ വളര്‍ച്ചയ്ക്ക് യോഗക്ഷേമാ സഭയിലും പ്രവര്‍ത്തിച്ചു. മാത്രമല്ല മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനത്തിലും സജീവമായിരുന്നു അക്കിത്തം. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആകാശവാണിയിലെ ഉദ്യോഗസ്ഥനായും സേവനമനുഷ്ടിച്ചു.

ജ്ഞാനപീഠ പുരസ്‌കാരത്തിന് പുറമെ, പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പുതൂര്‍ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവയെല്ലാം അക്കിത്തം അച്യുതന്‍ നമ്പൂതിരി എന്ന അതുല്യ പ്രതിഭയെ തേടിയെത്തി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി, മനസാക്ഷിയുടെ പൂക്കള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ തുടങ്ങി നിരവധിയാണ് അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞ സൃഷ്ടികള്‍…

Story highlights: Prime Minister Narendra Modi condolences for the demise of Akkitham