പൃഥ്വിരാജിന് പിറന്നാള്‍ പാട്ടുമായി നഞ്ചമ്മ: വീഡിയോ
പിറന്നാള്‍ നിറവിലാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ഇന്ന്. നിരവധിപ്പേരാണ് താരത്തിന് ആശംകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നതും. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് നഞ്ചമ്മ പാട്ടിലൂടെ താരത്തിന് ഒരുക്കിയ സര്‍പ്രൈസ്. ‘എടമുറുകണ് മദ്ദംളം കൊട്ടണ്’ എന്ന നാടന്‍ ശൈലിയിലുള്ള പാട്ടാണ് നഞ്ചമ്മ പൃഥ്വിരാജിനായി പാടുന്നത്. ബിജു കെ.ജെയാണ് ഗാനത്തിന് വരികള്‍ തയാറാക്കിയത്. സജിത് ശങ്കര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. നഞ്ചമ്മയ്ക്ക് ഒപ്പം ബിജുവും പാട്ടില്‍ ചേരുന്നുണ്ട്. മികച്ച പ്രതികരണമാണ് ഈ പിറന്നാള്‍ പാട്ടിന് ലഭിക്കുന്നതും.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പാട്ടുപാടി ആസ്വാദകഹൃദയങ്ങള്‍ കീഴടക്കിയ ഗായികയാണ് നഞ്ചമ്മ. മരണം കവരുന്നതിന് മുമ്പ് സച്ചി സംവിദാനം നിര്‍വഹിച്ച അവസാന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തി ചിത്രത്തില്‍.
ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും മുമ്പേ ശ്രദ്ധ നേടിയതാണ് നഞ്ചമ്മ പാടിയ ടൈറ്റില്‍ ഗാനം. കൃഷിപ്പണിയെടുത്തും ആടുകളേയും പശുക്കളേയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചമ്മ കൂടുതലും പാടുന്നത്. സിനിമ നടനായ ആദിവാസി കലാകാരന് പഴനി സ്വാമി നേതൃത്വം നല്കുന്ന ആസാദ് കലാസംഘത്തില്‍ നഞ്ചമ്മ അംഗമാണ്.
അതേസമയം അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന് എത്തിയത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന് കാഴ്ചവെച്ചതും. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Prithviraj birthday song by Nanchama