ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരന് കൊവിഡ് സ്ഥിരീകരിച്ചു
ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരന് കൊവിഡ് സ്ഥിരീകരിച്ചു. താരം കേന്ദ്ര കഥാപാത്രമാകുന്ന ‘ജനഗണമന’യുടെ ചിത്രീകരണത്തിന് ഇടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് പോസിറ്റീവാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചത്. സംവിധായകനും നടനും കൊവിഡ് പോസറ്റീവായതിനാൽ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു.
പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. ‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനഗണമന’.
അതേസമയം, കടുവക്കുന്നേൽ കുറുവച്ചൻ, എമ്പുരാൻ, ആടുജീവിതം, കാളിയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി ഒരുങ്ങുന്നത്. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലും പൃഥ്വിരാജാണ് പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്.സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Story Highlights: Actor Prithviraj Sukumaran tests positive for covid-19