‘കാലങ്ങൾക്ക് മുൻപേ ഞാൻ കണ്ടെത്തിയ പേര്’- ഓർമ്മകുറിപ്പിന്റെ പേരും കവർചിത്രവും പങ്കുവെച്ച് പ്രിയങ്ക ചോപ്ര
സൗന്ദര്യ മത്സര വേദിയിൽ നിന്നും സിനിമയിലെത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയ താരമാണ് പ്രിയങ്ക ചോപ്ര. കടന്നുവന്ന ജീവിതാനുഭവങ്ങളെക്കുറിച്ച് ഓർമ്മക്കുറിപ്പ് എഴുതുന്നതിന്റെ പണിപ്പുരയിലാണ് പ്രിയങ്ക. അൺഫിനിഷ്ഡ് എന്ന് പേരിട്ടിരിക്കുന്ന ഓർമ്മക്കുറിപ്പിന്റെ കവർ പേജിനായുള്ള ചിത്രം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് പ്രിയങ്ക ചോപ്ര.
കറുത്ത വേഷത്തിലാണ് ചിത്രത്തിൽ പ്രിയങ്ക ചോപ്ര. അതിനൊപ്പം തന്നെ ഓർമ്മക്കുറിപ്പിലേക്ക് എത്തിയതിനെക്കുറിച്ച് വിശദമായൊരു കുറിപ്പും താരം പങ്കുവയ്ക്കുന്നു. വർഷങ്ങൾക്ക് മുൻപ് തന്നെ അൺഫിനിഷ്ഡ് എന്ന പേര് തിരഞ്ഞെടുത്തിരുന്നതായി വ്യക്തമാക്കുകയാണ് താരം.
‘വിരോധാഭാസമെന്നു പറയട്ടെ, ഞാൻ ഈ ഓർമ്മക്കുറിപ്പ് എഴുതാൻ തുടങ്ങുന്നതിനും വർഷങ്ങൾക്ക് മുമ്പ് പേര് തീരുമാനിച്ചുകഴിഞ്ഞിരുന്നു. 20 വർഷമായി ഒരു പൊതു വ്യക്തിയായതിനാലും, ഇനിയും വളരെയധികം ജീവിക്കാനുമുള്ളതിനാൽ വ്യക്തിപരമായും തൊഴിൽപരമായും എന്റെ ലിസ്റ്റ് പരിശോധിക്കുമ്പോൾ ഞാൻ വളരെയധികം അപൂർണയാണ്. എന്നാൽ ഒരു ഓർമ്മക്കുറിപ്പ് എഴുതുന്നതിലെ രസകരമായ കാര്യം, കാര്യങ്ങൾ വ്യത്യസ്തമായി നോക്കാൻ ഇത് സഹായിക്കും. അങ്ങനെ നോക്കുമ്പോൾ അൺഫിനിഷ്ഡ് എന്നതിന് ആഴമേറിയ അർത്ഥമുണ്ടെന്ന് ഞാൻ മനസ്സിലാക്കി’ – പ്രിയങ്ക ചോപ്ര കുറിക്കുന്നു.
അതേസമയം, വെള്ളിത്തിരയിൽ പ്രിയങ്കയെ അവസാനമായി കണ്ടത് ‘ദി സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിലാണ്. ഫർഹാൻ അക്തറും സൈറ വസീമുമായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.
Story highlights- Priyanka Chopra unveils the first look of her memoir