തിയേറ്റർ തുറന്നാൽ ആദ്യം എത്തുക തന്റെ ചിത്രമെന്ന് രാം ഗോപാൽ വർമ്മ; ‘കൊറോണ വൈറസ്’ ഉടൻ
അൺലോക്ക് 5-ന്റെ ഭാഗമായി തിയേറ്ററുകൾ തുറന്നാൽ ആദ്യം പ്രദർശനത്തിന് എത്തുക തന്റെ ചിത്രമെന്ന് രാം ഗോപാൽ വർമ്മ. ട്വിറ്ററിലൂടെയാണ് രാം ഗോപാൽ വർമ്മ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് രാം ഗോപാൽ വർമ്മ ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംവിധായകൻ രാം ഗോപാൽ വർമ്മ നിർമിച്ച ചിത്രമാണ് ‘കൊറോണ വൈറസ്’. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ നേരത്തെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
അതേസമയം കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത്. ത്രില്ലർ മൂഡിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ലോക്ക് ഡൗൺ സമയത്ത് ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ‘കൊറോണ വൈറസ്’ പങ്കുവയ്ക്കുന്നത്. തെലുങ്ക് ഭാഷയിലാണ് സിനിമ തയാറാക്കിയിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിൽ കഴിയുന്ന ഒരു കുടുംബത്തിലെ ഒരാൾക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന സംശയത്തെ തുടർന്നുള്ള സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സി.എം. ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അതേസമയം രാം ഗോപാൽ വർമ്മയുടെ ബയോപിക്ക് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. രാം ഗോപാൽ വർമ്മ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ തയാറാക്കുന്നത്. 2 മണിക്കൂർ വീതമുള്ള മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രം നവാഗതനായ ദൊരസൈ തേജയാണ് സംവിധാനം ചെയ്യുന്നത്.
Story Highlights: ram gopal varma film corona virus release