ഐപിഎല്‍-ല്‍ 5000 റണ്‍സ് നേടി ചരിത്രം കുറിച്ച് രോഹിത് ശര്‍മ്മ
കൊവിഡ് പ്രതിസന്ധിയിലും കായികാവേശം വിട്ടകന്നിട്ടില്ല ക്രിക്കറ്റ് ലോകത്ത്. ഐപിഎല്‍ പതിമൂന്നാം സീസണ് പുരോഗമിക്കുമ്പോള്‍ ഗാലറികളില്‍ ആളൊഴിഞ്ഞെങ്കിലും ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇപ്പോഴിതാ ഐപിഎല്‍ പതിമൂന്നാം സീസണില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചരിക്കുകയാണ് രോഹിത് ശര്‍മ്മ.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മ ഐപിഎല്‍-ല്‍ 5000 റണ്‍സ് നേടി. കിങ്സ് ഇലവന് പഞ്ചാബിനെതിരെ രണ്ട് റണ്‍സ് നേടിയപ്പോഴേക്കും താരം റെക്കോര്‍ഡ് സൃഷ്ടിച്ചു. 192 മത്സരങ്ങളില്‍ നിന്നുമായാണ് താരം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
കിങ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ 45 പന്തില്‍ നിന്നുമായി 70 റണ്‍സ് രോഹിത് ശര്‍മ്മ അടിച്ചെടുത്തു. താരം തന്നെയാണ് മുംബൈ ഇന്ത്യന്‍സിലെ ടോപ് സ്കോററും.
അതേസമയം ഐപിഎല്‍-ല്‍ വിരാട് കോലിയും സുരേഷ് റെയ്നയും അയ്യായിരം റണ്‍സ് മറികടന്നിട്ടുണ്ട്. വിരാട് കോലിയാണ് ഐപിഎല്‍-ല്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരം. നിലവില്‍ 180 മത്സരങ്ങളില്‍ നിന്നുമായി 5430 റണ്‍സാണ് താരം നേടിയിരിക്കുന്നത്. 193 മത്സരങ്ങളില്‍ നിന്നായി 5368 റണ്‍സ് നേടിയ സുരേഷ് റെയ്നയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തില്‍ സിക്സ് നേടിയതോടെ ഐപിഎല്‍-ല്‍ 150 സിക്സുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലും രോഹിത് ശര്‍മ്മ ഇടം നേടി.
Story highlights: Rohit Sharma scores 5000 runs in IPL