‘സഞ്ജൂ, ആ വേദന എനിക്കറിയാം’; ആശ്വസിപ്പിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

October 1, 2020
Sachin Tendulkar on Sanju Samson Catch

ഐപിഎല്‍ പതിമൂന്നാം സീസണിന്റെ തുടക്കം മുതല്‍ക്കേ മലയാളിയും രാജസ്ഥാന്‍ റോയല്‍സ് താരവുമായ സഞ്ജു സാംസണിന്റെ പ്രകടനം കായികലോകത്ത് ശ്രദ്ധ നേടി. തകര്‍പ്പന്‍ സിക്‌സറുകള്‍ക്കൊണ്ട് താരം അതിശയിപ്പിച്ചു. എന്നാല്‍ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന അങ്കത്തില്‍ വേണ്ടത്ര മികവ് പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. എട്ട് റണ്‍സ് മാത്രമാണ് ഇന്നലെ താരം അടിച്ചെടുത്തത്.

അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പാറ്റ് കമ്മിന്‍സിനെ പുറത്താക്കിയ സഞ്ജുവിന്റെ കിടിലന്‍ ക്യാച്ചിനെ പ്രശംസിക്കുന്നവര്‍ നിരവധിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറടക്കം നിരവധിപ്പേരാണ് താരത്തെ അഭിനന്ദിച്ചത്. ക്യാച്ചിന് ശേഷം സഞ്ജു തലയിടിച്ച് നിലത്തുവീണിരുന്നു. ആ വേദന തനിക്ക് മനസ്സിലാകുമെന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.

Read more: ഖുഷിക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ- സായി പല്ലവിയുടെ മനോഹര ചിത്രങ്ങൾ

കൊല്‍ക്കത്തയുടെ ഇന്നിങ്‌സിലെ പതിനെട്ടാം ഓവറിലായിരുന്നു സഞ്ജുവിന്റെ ആ മാസ്മരിക ക്യാച്ച്. ടേം കറന്‍ എറിഞ്ഞ പന്ത് കമ്മിന്‍സ് അടിച്ചു. പന്ത് കൈയിലൊതുക്കാന്‍ ഡീപ് ബാക്ക്വാഡ് സ്‌ക്വയറിലേക്ക് ഓടിയെത്തിയ സഞ്ജു അല്‍പം ഉയര്‍ന്നു ചാടിയാണ് പന്ത് കൈയിലാക്കിയത്. ഇതിനിടെ നിലതെറ്റി താരം നിലത്തു വീഴുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് സച്ചിന്റെ ട്വീറ്റ്. ‘സഞ്ജു സാംസണ്‍ വക കിടിലന്‍ ക്യാച്ച്. ഇത്തരത്തില്‍ തല പിന്നില്‍പ്പോയി ഇടിക്കുമ്പോള്‍ എന്തുമാത്രം വേദനിക്കുമെന്ന് എനിക്കറിയാം. 1992-ല്‍ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ ഇത്തരമൊരു ക്യാച്ചെടുത്തപ്പോള്‍ ഇതേ വേദന ഞാനും അനുഭവിച്ചതാണ്’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Story highlights: Sachin Tendulkar on Sanju Samson Catch