നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സന്തോഷ് ശിവനും ഒന്നിക്കുമ്പോള്‍
മഹാനടന് മോഹന്‍ലാലിന്റെ വിസ്മയഭാവങ്ങള്‍ ക്യാമറയില്‍ തനിമ ചോരാതൈ പര്‍ത്തിയ ഛായാഗ്രഹകനാണ് സന്തോഷ് ശിവന്. ഇരുവരും വീണ്ടും ഒന്നിക്കുന്നു. അതും നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷം. അഭിനേതാവ് എന്നതിനുമപ്പുറം സംവിധായകനായ മോഹന്‍ലാലിനൊപ്പമാണ് സന്തോഷ് ശിവന് ചേരുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ബറോസ് എന്ന ചിത്രത്തില്‍ സന്തോഷ് ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുക.
ഇന്ദ്രജാലം എന്ന ചിത്രത്തിലാണ് സന്തോഷ് ശിവനും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് ഈ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ ഒരുങ്ങി. നമ്പര്‍ 20 മദ്രാസ് മെയില്‍, അപ്പു, അഹം, യോദ്ധ, ഗാന്ധര്‍വ്വം, പവിത്രം, നിര്‍ണ്ണയം, കാലാപാനി, ഇരുവര്‍, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ സന്തോഷ് ശിവന് ഛായാഗ്രഹണം നിര്‍വഹിച്ചു.
അതേസമയം മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ത്രിഡിയിലാണ് ഒരുക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.
Story highlights: Santosh Sivan joins Mohanlal Barroz film