‘അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ എന്ന് പാടി നടപ്പായി’; കുഞ്ഞുവാശിയുടെ ഓര്‍മ്മയില്‍ ചലച്ചിത്രതാരം

October 1, 2020
Sarayu Mohan about childhood memories

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കു പുറമെ മറ്റ് പല വിശേഷങ്ങളും താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. പ്രത്യേകിച്ച് കുട്ടിക്കാല ഓര്‍മ്മകള്‍. ചെറുപ്പത്തിലെ കുഞ്ഞുവാശികളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്രതാരം സരയു മോഹന്‍. ഈ പുഴയും കടന്ന് എന്ന സിനിമ കണ്ടപ്പോള്‍ ആ സിനിമയില്‍ മഞ്ജു വാര്യര്‍ ധരിച്ച അതേ പാവടും ബ്ലൗസും വേണമെന്നായിരുന്നു കുഞ്ഞു സരയുവിന്റെ പിടിവാശി.

ആ കഥ ഇങ്ങനെ:

‘ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസ്സില്‍ തോന്നിയത്…. പിന്നെ വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീര്‍പ്പിച്ചു നടക്കലിന്റെയും ദിവസങ്ങള്‍… സമരം വിജയം കണ്ടു, പച്ചാളത്ത്, സിന്ദൂരം ടെസ്റ്റൈസില്‍ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു…

പിന്നെ മഞ്ജുവാര്യര്‍ അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ എന്ന് പാടി നടപ്പായി… സ്‌കൂളില്‍ അതിട്ട് പാട്ടുപാടി (അന്ന് ഞാന്‍ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാന്‍ സ്വയം ആ പരിപാടി നിര്‍ത്തി )

പാവാടയും ബ്ലൗസും വേറെ കുറേ വന്നു, സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അത്ര ഡ്രെസ്സുകള്‍ കൈയ്യില്‍ വന്ന് ചേര്‍ന്നു, മഞ്ജു ചേച്ചി വീണ്ടും സിനിമയില്‍ എത്തി, ഞാനും കറങ്ങിതിരിഞ്ഞു സിനിമയുടെ ഓരത്ത് ചെന്നെത്തി, സിനിമകളില്‍, ഓണം ഫോട്ടോഷൂട്ടുകളില്‍ പല നിറങ്ങളില്‍ പാവാടയും ബ്ലൗസ്സുകളും ഇട്ടു, എന്നാലും ഓറഞ്ച് ബ്ലൗസ് കാണുമ്പോള്‍ ഒരിഷ്ടമാണ്, ആദ്യമായി സ്വന്തമായതിനോടുള്ള ഒരു ഇഷ്ടമുണ്ടല്ലോ, ലത്….’ ഫേസ്ബുക്കില്‍ സരയു കുറിച്ചു.

Story highlights: Sarayu Mohan about childhood memories

https://www.facebook.com/ActressSarayuMohan/posts/1608089022696415