‘എപ്പോഴെങ്കിലും കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ ഞാനൊരു സമ്പന്നനാകാനുള്ള സാധ്യതയുണ്ട്’- ബട്ടൻസിൽ വിരിഞ്ഞ ഛായാചിത്രം പങ്കുവെച്ച് സത്യൻ അന്തിക്കാട്
സാധാരണക്കാരന്റെ ജീവിതം സിനിമയിലൂടെ ആവിഷ്കരിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും മനസ് നിറഞ്ഞു മാത്രമേ കണ്ടുതീർക്കാൻ സാധിക്കൂ. അന്തിക്കാടിന്റെ നന്മ ഓരോ സിനിമകളിലും കാത്തുസൂക്ഷിക്കുന്ന സംവിധായകന്റെ വ്യത്യസ്തമായൊരു ചിത്രം ശ്രദ്ധ നേടുകയാണ്.
ജീന നിയാസ് എന്ന കലാകാരി ഒരുക്കിയ മനോഹരമായ ഛായാചിത്രമാണ് സത്യൻ അന്തിക്കാട് പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പ്രമുഖരുടെ ജീവൻ തുടിക്കുന്ന ഛായാചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സത്യൻ അന്തിക്കാടിന്റെ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ബട്ടൻസുകൾ ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ചിത്രം ജീന നിയാസ് ഒരുക്കിയിരിക്കുന്നത്. 24 ചതുരശ്രയടി വലുപ്പത്തിൽ 19278 ബട്ടൻസുകളാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഈ ചിത്രത്തിലൂടെ ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിന്റെയും ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിന്റെയും അംഗീകാരം ജീന നിയാസ് സ്വന്തമാക്കിയിരിക്കുകയാണ്. കലാകാരിക്കും കലാസൃഷ്ടിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സത്യൻ അന്തിക്കാട് കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.
സത്യൻ അന്തിക്കാടിന്റെ കുറിപ്പ്;
ഇതൊരു ചിത്രകാരിക്കുള്ള ആദരവാണ്. പലരും പലരുടേയും ചിത്രങ്ങൾ അതിമനോഹരമായി വരച്ചു കണ്ടിട്ടുണ്ട്. അപൂർവമായി ചിലർ എന്റെ ചിത്രവും വരച്ച് സമ്മാനിക്കാറുണ്ട്. അതിൽ നിന്നൊക്കെ വിഭിന്നമായി ജീന നിയാസ് എന്ന ചിത്രകാരി ഒരു ചിത്രത്തിലൂടെ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.
ബ്രഷും ചായവുമൊന്നുമില്ലാതെ പല തരം ബട്ടൻസ് കൊണ്ടാണ് അവർ ഈ ചിത്രം പൂർത്തിയാക്കിയത്. അതും 24 ചതുരശ്രയടി വലുപ്പത്തിൽ. ഈ ചിത്രത്തെ മുൻ നിർത്തി ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും’ ‘ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും’ അംഗീകാരം അവർക്കു ലഭിച്ചിരിക്കുന്നു എന്നത് സന്തോഷിപ്പിക്കുന്ന വാർത്തയാണ്. ജീന നിയാസിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.
Read More: ‘എന്നുണ്ണി കണ്ണാ, പൊന്നുണ്ണി കണ്ണാ..’- മനോഹര നൃത്തവുമായി അനുസിത്താര
ഇനി എപ്പോഴെങ്കിലും കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ ഞാനൊരു സമ്പന്നനാകാനുള്ള സാധ്യതയുണ്ട്.
കാരണം പത്തൊമ്പതിനായിരത്തി ഇരുനൂറ്റി എഴുപത്തെട്ട്‍ ബട്ടണുകൾ കൊണ്ട് തീർത്ത ഈ ചിത്രം ഞാനിവിടെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.
Story highlights- sathyan anthikkad shares his Portrait