ബാൽക്കണി മുതൽ അടുക്കള വരെ; യാത്രാപ്രേമികളെ ആകർഷിച്ച് ഒരു ഓട്ടോവീട്
ഒരു സാധാരണ ഓട്ടോറിക്ഷയ്ക്ക് വരുത്തിയ രൂപമാറ്റമാണ് ഇപ്പോൾ കാഴ്ചക്കാരെ ഏറെ അമ്പരപ്പിക്കുന്നത്. ഒരു ചെറിയ ഓട്ടോറിക്ഷയ്ക്കകത്ത് ഒരു സാധാരണ മനുഷ്യന് ജീവിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ് തമിഴ്നാട് സ്വദേശിയായ അരുൺ പ്രഭു എന്ന ചെറുപ്പക്കാരൻ. ഒരു ഓട്ടോറിക്ഷയ്ക്കുള്ള 36 സ്ക്വയർ ഫീറ്റ് സ്ഥലത്തിനുള്ളിൽ ഒരു ബാൽക്കണി, കിടപ്പ് മുറി, ബാത്റൂം, അടുക്കള തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടക്കമാണ് അരുൺ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ 250 ലിറ്റർ വെള്ളം കൊള്ളുന്ന രീതിയിൽ ഉള്ള ഒരു വാട്ടർ ടാങ്കും അരുൺ ഓട്ടോറിക്ഷയിൽ ക്രമീകരിച്ചിട്ടുണ്ട്.
വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ സോളോ 1.0 എന്ന വാഹനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാകുന്നത്. വാഹനത്തിന്റെ ഏറ്റവും മുകളിലായി ഒരു സോളാർ പാനലും അരുൺ ഒരുക്കിയിട്ടുണ്ട്. യാത്രാ പ്രേമികളായ ആളുകൾക്കും അധികം സാമ്പത്തീക ശേഷി ഇല്ലാത്തവർക്കും എളുപ്പത്തിൽ ഉപയോഗ പ്രദമാകുന്ന ഒരു കണ്ടുപിടുത്തം കൂടിയാണ് അരുണിന്റെ ഈ വാഹന വീട്. അതിന് പുറമെ പ്രകൃതി ദുരന്തം പോലുള്ള അപകടങ്ങൾ ഉണ്ടാകുന്ന സമയത്ത് ഇതൊരു താത്കാലിക അഭയകേന്ദ്രമായി ഉപയോഗിക്കാമെന്നും അരുൺ പറയുന്നുണ്ട്. സോളാർ പാനലിനോട് ചേർന്ന് വെയിൽ കാഞ്ഞുറങ്ങാൻ ഒരു ചെറിയ കിടക്കയും അതിന് മുകളിൽ ഒരു കുടയും വെച്ച് ഈ വാഹനവീടിനെ അരുൺ കൂടുതൽ സുന്ദരമാക്കിയിട്ടുണ്ട്.
Read also:ഫാഷൻ ലോകത്തെ മിന്നും താരമായി സ്റ്റെപ്പാൻ; അവിചാരിതമായി മോഡലിങ്ങിലേക്ക് എത്തിയ ഭീമൻ കരടി
അതേസമയം ആറു ബോൾട്ടുകൾ മാത്രം ഉപയോഗിച്ചാണ് അരുൺ വാഹനത്തെ വീടുമായി കണക്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് എളുപ്പത്തിൽ എടുത്ത് മാറ്റാനും സാധിക്കുന്നതാണ്. അധികം വലിപ്പം ഇല്ലാത്തതിനാൽ ഈ വാഹനത്തിന് ചെറിയ വഴികളിലൂടെയും എളുപ്പത്തിൽ പോകാൻ സാധിക്കും. എന്തായാലും മികച്ച പിന്തുണയാണ് അരുണിന്റെ ഈ കണ്ടുപിടുത്തത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights:self contained home built in an auto goes viral