പക്ഷാഘാതവും ഹൃദയാഘാതവും തളർത്തിയെങ്കിലും തോൽക്കാതെ പാട്ടൊരുക്കി സുഭദ്ര ടീച്ചർ; രണ്ടുമണിക്കൂർ കൊണ്ട് ഒരുക്കിയ ഗാനം ശ്രദ്ധ നേടുന്നു
രോഗം തളർത്തിയാലും അതിജീവനത്തിന്റെ പാത സ്വയം തെളിക്കുന്നവർ എന്നും മാതൃകയാണ്. പക്ഷാഘാതം തളർത്തിയത്തോടെ വീട്ടിലേക്ക് ഒതുങ്ങിയ സുഭദ്ര ടീച്ചർ, പരിശ്രമത്തിന്റെ നാൾവഴികളിലൂടെ സംഗീതത്തിന്റെ കൂട്ടുപിടിച്ചാണ് മാതൃകയാകുന്നത്.
പക്ഷാഘാതം ഒരു കാലിനെ പൂർണമായും, മറ്റേ കാലിനെ ഭാഗികമായും തളർത്തി. ഒപ്പം ഹൃദയാഘാതവും കൂടി വന്നതോടെ കട്ടിലിലേക്ക് ജീവിതം ഒതുക്കി സുഭദ്ര ടീച്ചർ. എന്നാൽ ചികിത്സക്കിടയിൽ ടീച്ചറുടെ ഇഷ്ടങ്ങൾ ഡോക്ടർ കണ്ടെത്തിയതോടെ ജീവിതവും മാറിമറിഞ്ഞു. ചില ചോദ്യങ്ങളും, വ്യക്തികളും ഒരാളുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതിന്റെ ഉദാഹരണമാണ് സുഭദ്ര ടീച്ചർ.
ഡോക്ടറുടെ ചോദ്യം പണ്ടെങ്ങോ മറന്ന സംഗീതവാസനയിലേക്കാണ് ടീച്ചറെ കൊണ്ടുപോയത്. കിടക്കയിൽ കിടന്നുതന്നെ പാട്ടുകേൾക്കാനും പാടാനും തുടങ്ങി. അത്രമേൽ സ്നേഹിച്ച സംഗീതത്തിൽ ഒരു പുതിയ നാഴികക്കല്ല് കൂടി ചേർക്കുകയാണ് സുഭദ്ര ടീച്ചർ. പതിനാലു വർഷം പഠിച്ച സംഗീതത്തിന്റെ ഈണങ്ങൾ ചേർത്ത് ഒരു പാട്ടൊരുക്കിയിരിക്കുകയാണ് ടീച്ചർ. രണ്ടു മണിക്കൂർ കൊണ്ടാണ് ഗാനം ചിട്ടപ്പെടുത്തിയത്.
Read More: ഇന്ന് ലോക മാനസീകാരോഗ്യദിനം; മനസിന് നൽകാം അല്പം കരുതൽ
ഒട്ടേറെ പ്രമുഖർ ടീച്ചറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തൃശൂർ സ്വദേശിനിയായ സുഭദ്ര ടീച്ചറൊരുക്കിയ നൈർമല്യം എന്ന വീഡിയോ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു.
Story highlights- subadra teacher music album