പന്ത്രണ്ട് പേപ്പര്‍ കപ്പുകളില്‍ ഒളിപ്പിച്ച സര്‍പ്രൈസ്; ഡെലിവറി ബോയ്ക്ക് സമ്മാനവുമായി സുരഭി ലക്ഷ്മി
ഫുഡുമായ് വീട്ടിലെത്തിയ ഡെലിവറി ബോയിക്ക് സര്‍പ്രൈസ് ഒരുക്കിയ ചലച്ചിത്രതാരം സുരഭി ലക്ഷ്മിയുടെ വീഡിയോ ശ്രദ്ധ നേടുന്നു. ഫുഡ് പാത്ത് എന്ന ഹ്രസ്വചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു വേറിട്ട തരത്തില്‍ ഡെലിവറി ബോയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത്. ഹ്രസ്വചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഈ സര്‍പ്രൈസില്‍ സുരഭി ലക്ഷ്മിക്കൊപ്പം ചേര്‍ന്നു.
സൊമാറ്റോയുടെ ഡെലിവറി ബോയ് ആയ സമീറിനാണ് ഈ സര്‍പ്രൈസ് ലഭിച്ചത്. ഏവിയേഷന്‍ വിദ്യാര്‍ത്ഥിയായ സമീര്‍ ഒഴിവു സമയത്ത് ജോലി ചെയ്യുന്നു. സുരഭി ലക്ഷ്മി ഒരുക്കിയ സര്‍പ്രൈസ് ഇങ്ങനെ: സമീറിന് മുന്നിലായി പന്ത്രണ്ട് പേപ്പര്‍ കപ്പുകള്‍ കമിഴ്ത്തി വെച്ചു. കപ്പുകള്ക്കടിയില് വ്യത്യസ്ത സമ്മാനങ്ങളുടെ പേര് എഴുതിയ കടലാസുകളായിരുന്നു. ചില കപ്പുകള്ക്കടിയിലാകട്ടെ പൈസയും. ഓരോ കപ്പുകളായി സമീര്‍ ഉയര്‍ത്തി. പേപ്പറില്‍ കുറിച്ചരിക്കുന്ന സമ്മാനം സുരഭിയും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സമ്മാനിച്ചു. നിറഞ്ഞ സന്തോഷത്താല്‍ നിറചിരിയോടെയാണ് സമീര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയത്.
അതേസമയം മികച്ച പ്രതികരണം നേടിയ ഹ്രസ്വചിത്രമാണ് ഫുഡ് പാത്ത്. സ്വന്തം കുഞ്ഞ് വിശന്നിരിക്കുമ്പോഴും മറ്റൊരു വീട്ടിലെ കുട്ടിക്ക് ഭക്ഷണം എത്തിക്കാന്‍ പോയപ്പോള്‍ തമാസിച്ചതിന്റെ പേരില്‍ വഴക്ക് കേള്‍ക്കേണ്ടി വന്ന ഡെലിവറി ജീവനക്കാരന്റെ കഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. ജിത്തു കെ ജയനാണ് ഷോര്‍ട് ഫിലിമിന്റെ സംവിധാനം. അയൂബ് കച്ചേരിയാണ് നിര്‍മാണം.
Story highlights: Surabhi Lakshmi surprises for food delivery boy