മാസായി സുരേഷ് ഗോപി; ‘കാവൽ’ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്
നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമാണ് ‘കാവൽ’. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സിനിമയുടെ ചിത്രീകരണം പുനഃരാരംഭിച്ചു. പാലക്കാടും വണ്ടിപെരിയാറിലുമായി പത്ത് ദിവസത്തെ ഷൂട്ടിങ് കൂടിയാണ് ചിത്രത്തിനുള്ളത്. മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് കവലിന്റെയും ചിത്രീകരണം അവസാനിച്ചത്. അവശേഷിക്കുന്ന മിക്ക ഭാഗങ്ങളും ഔട്ട്ഡോർ സീക്വൻസുകളായിരുന്നു.
ചിത്രത്തിൽ സുരേഷ് ഗോപി മാസ് റോളിലാണ് എത്തുന്നത്. താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തമ്പാൻ എന്നാണ്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ സായ ഡേവിഡ്, പദ്മരാജ് രതീഷ്, ബിനു പപ്പു, ഐ എം വിജയൻ, അലൻസിയർ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണാണ്. സംഗീത സംവിധായകൻ- രഞ്ജിൻ രാജ്, എഡിറ്റർ- നിഖിൽ എസ് പ്രവീൺ.
ലോക്ക് ഡൗൺ സമയത്ത് സുരേഷ് ഗോപിയെ നായകനാക്കി മൂന്നു ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്. മാത്യൂസ് തോമസ് പ്ലാമ്മൂട്ടിൽ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം, ജീം ബൂം ഭാ സംവിധായകൻ രാഹുൽ രാമചന്ദ്രനൊരുക്കുന്ന ചിത്രം, മേജർ രവി ഒരുക്കുന്ന സുരേഷ് ഗോപി- ആശ ശരത്ത് ചിത്രം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്.
Story highlights: suresh gopi kaval movie shooting re started